മാവേലിക്കര: ഡി.സി.സി വൈസ് പ്രസിഡന്റ് കെ.ആർ. മുരളീധരൻ മാവേലിക്കര താലൂക്ക് സഹകരണ ബാങ്കിന്റെ പ്രതിഫലം പറ്റാത്ത അഡ്വൈസറാണെന്ന് ഭരണസമിതി യോഗം അറിയിച്ചു. ബാങ്കിന്റെ തകർച്ചയ്ക്ക് കാരണമാകത്തക്ക തരത്തിൽ സമരം ചെയ്യുന്നവർക്കെതിരെ പ്രതികരിക്കാൻ അദ്ദേഹത്തിന് അവകാശമുണ്ട്. തിരഞ്ഞെടുപ്പിൽ മത്സരിച്ച് വിജയിച്ചവരാണ് നിലവിലുള്ള ഭരണസമിതി. ഇവരെ അട്ടിമറിക്കാനുള്ള ശ്രമമാണ് ഇപ്പോൾ നടക്കുന്നത്. തഴക്കര ശാഖയിലെ നിക്ഷേപകരുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണാനായി സഹകരണ വകുപ്പ് മന്ത്രിക്കും രജിസ്ട്രാർക്കും ജോ. രജിസ്ട്രാർക്കും ഭരണസമിതി ഒരു പാക്കേജ് സമർപ്പിച്ചിട്ടുണ്ട്. പാക്കേജ് അനുവദിച്ചാൽ പ്രശ്‌നങ്ങൾ പരിഹരിക്കപ്പെടുമെന്ന് ഭരണസമിതി അറിയിച്ചു. പ്രസിഡന്റ് കെ. ഗോപൻ അദ്ധ്യക്ഷനായി. വൈസ് പ്രസിഡന്റ് മുരളീധര കൈമൾ, അംഗങ്ങളായ എം.കെ.സുധീർ, മുരളി വൃന്ദാവനം, ഷാനവാസ്ഖാൻ, എമിലി കുട്ടപ്പൻ, ആനി സണ്ണി എന്നിവർ സംസാരിച്ചു.