തുറവൂർ: വനിതാ പഞ്ചായത്ത് സെക്രട്ടറിയുടെ ഓഫീസിനുള്ളിൽ വാർഡംഗം അതിക്രമം കാട്ടിയതായി പരാതി. തുറവൂർ ഗ്രാമപഞ്ചായത്തിലെ സി.പി.എം അംഗം കെ.ആർ. രെൻഷുവിനെതിരെയാണ് സെക്രട്ടറി പി. ജയ കുത്തിയതോട് പൊലീസിൽ പരാതി നൽകിയത്.

ഇന്നലെ രാവിലെ 11 ഓടെയായിരുന്നു സംഭവം. തന്റെ വാർഡിലെ വഴിവിളക്കുകൾ തെളിയുന്നില്ലെന്ന പരാതിയുമായി രെൻഷു ഓഫീസിലെത്തിയപ്പോർ സർക്കാരിന്റെ ഓൺലൈൻ യോഗത്തിൽ പങ്കെടുക്കുകയായിരുന്നു സെക്രട്ടറി. പഞ്ചായത്ത് സെക്രട്ടറിയുടെ ഓഫീസിൽ വീണ്ടുമെത്തിയ പഞ്ചായത്ത് അംഗം സെക്രട്ടറിയോട് കാര്യങ്ങൾ ചർച്ച ചെയ്യുകയും പ്രകോപിതനായി പഞ്ചായത്ത് സെക്രട്ടറിയെ അസഭ്യം പറയുകയും തുടർന്ന് മേശപ്പുറത്തെ ഗ്ലാസ് അടിച്ചു തകർക്കുകയുമായിരുന്നെന്ന് പരാതിയിൽ പറയുന്നു.

സെക്രട്ടറി അറിയിച്ചതിനെ തുടർന്ന് കുത്തിയതോട് പൊലീസ് സ്ഥലത്തെത്തിയെങ്കിലും കേസെടുക്കാൻ തയ്യാറായില്ല. തുടർന്ന് പഞ്ചായത്ത് പ്രസിഡന്റ് മോളി രാജേന്ദ്രൻ രേഖാമൂലം പരാതി നൽകിയിട്ടും പൊലീസ് കേസെടുത്തില്ല. സംഭവത്തിൽ മൊഴി കൊടുക്കാൻ പഞ്ചായത്ത് സെക്രട്ടറി കുത്തിയതോട് പൊലീസ് സ്റ്റേഷനിൽ എത്തിയിട്ടും മൊഴിയെടുക്കാൻ പൊലീസ് തയ്യാറായില്ല. തുടർന്ന് സെക്രട്ടറി രേഖാമൂലം പരാതി നൽകിയെങ്കിലും പൊലീസ് കേസെടുക്കാതെ ഒത്തുതീർപ്പിന് ശ്രമിക്കുകയായിരുന്നുവെന്ന് പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. ഔദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തിയതിനും പൊതുമുതൽ നശിപ്പിച്ചതിനും രെൻഷുവിനെതിരെ കേസെടുത്തതായി കുത്തിയതോട് സി.ഐ ജെ.പ്രദീപ് അറിയിച്ചു. രെൻഷുവിനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് തുറവൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ദേശീയപാതയിൽ പ്രകടനം നടത്തി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മോളി രാജേന്ദ്രൻ, വൈസ് പ്രസിഡന്റ് സി.ഒ. ജോർജ്, ഡി.സി.സി സെക്രട്ടറി തുറവൂർ ദേവരാജ്,​ എം.എസ്. സന്തോഷ്, ജെയ്സൺ കുറ്റിപ്പുറം, വാർഡ് അംഗങ്ങളായ വിമല ജോൺസൺ, കെ.ജി. സരുൺ, ദിനേശൻ, പ്രസീദ, അമ്പിളി, ഷൈലജ, ജോഷ്വാ ജോൺസൺ തുടങ്ങിയവർ നേതൃത്വം നൽകി.