ambala

അമ്പലപ്പുഴ: ഗുരുതരമായ ഗർഭാശയ കാൻസർ ബാധിച്ച് അനിയന്ത്രിതമായ രക്തസ്രാവം മൂലം ബുദ്ധിമുട്ടിയ

നാൽപ്പത്തൊൻപതുകാരിക്ക് ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഹൃദ്രോഹ വിഭാഗം അപൂർവ ചികിത്സ നൽകി.

റേഡിയേഷൻ വിഭാഗത്തിൽ ചികിത്സയിലായിരുന്ന രോഗിയുടെ നില വഷളായതോടെയാണ് യൂട്രിൻ ആർട്ടറി എംബോലൈസേഷൻ ചികിത്സ നൽകിയത്. റേഡിയോ തെറാപ്പി മേധാവിയും സൂപ്രണ്ടുമായ ഡോ. സജീവ് ജോർജിന്റെ നിർദേശ പ്രകാരമാണ് കാർഡിയോളജി വിഭാഗം മേധാവി ഡോ. കെ.എസ്. മോഹനന്റെ നേതൃത്വത്തിലുള്ള സംഘം ചികിത്സ നടത്തിയത്. അമിതമായ രക്തസ്രാവത്തെ തുടർന്ന് ജീവൻ നിലനിറുത്തുന്നതിന് പ്രതിദിനം അഞ്ച് കുപ്പി രക്തമാണ് വേണ്ടിവന്നിരുന്നത്.

കാത്ത് ലാബിൽവച്ച് തുടയിലെ രക്തക്കുഴലിലൂടെ ഗർഭാശയ ധമനികളിലേക്ക് കത്തീറ്റർ കടത്തി പ്രത്യേകതരം കോയിൽ നിക്ഷേപിച്ചു. ഇതോടെ ഗർഭപാത്രത്തിലെ രക്തസ്രാവം നിലച്ചു. രോഗിയുടെ ആരോഗ്യനിലയിൽ പുരോഗതിയുണ്ട്. ഡോ. നോനാൻ ചെല്ലപ്പൻ, ഡോ. ബൈജു, ഡോ. അബ്ദുൾ സലാം, ഡോ. കപിൽ, ഡോ. പ്രണയ്, കാത്ത് ലാബ് ടെക്നീഷ്യൻ ആൽബി ജോസ് തുടങ്ങിയവരാണ് ചികിത്സാ സംഘത്തിലുണ്ടായിരുന്നത്.

അത്യാധുനിക ആശുപത്രികളിൽ ലക്ഷങ്ങൾ ചെലവ് വരുന്ന ചികിത്സ തികച്ചും സൗജന്യമായാണ് നടത്തിയത്. ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ആദ്യമായാണ് ഈ ചികിത്സ നടത്തുന്നത്. രോഗിയെ റേഡിയോ തെറാപ്പിയിലേക്ക് മാറ്റി തുടർ ചികിത്സ നൽകിവരുകയാണ്.