
ആലപ്പുഴ: സംസ്ഥാന ആസൂത്രണ ബോർഡിന്റെ സ്പെഷ്യൽ ലൈവ്‌ലി ഹുഡ് പാക്കേജിൽ ഉൾപ്പെടുത്തി ഇരവുകാട് വാർഡിൽ സ്ഥാപിച്ച സോളാർ അഗ്രി കിയോസ്ക് എച്ച്. സലാം എം.എൽ.എ ഉദ്ഘാടനം ചെയ്തു. നഗരസഭാ അദ്ധ്യക്ഷ സൗമ്യാരാജ് അദ്ധ്യക്ഷയായി. കൃഷിസംഘങ്ങളുടെ ജൈവ വിളവുകൾ നഗര പ്രദേശത്ത് മിതമായ വിലയിൽ ലഭ്യമാക്കുക, കൃഷിക്കാർക്ക് മെച്ചപ്പെട്ട വിലയും വിപണിയും ഉറപ്പാക്കുക, കൃഷി സംബന്ധമായ തൊഴിലവസരങ്ങൾ സൃഷ്ടിക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. ആലപ്പുഴ നഗരസഭാ പരിധിയിൽ ഇത്തരം നാല് കൃഷി പീടികകൾ സ്ഥാപിക്കുമെന്ന് സൗമ്യാരാജ് അറിയിച്ചു. കുടുംബശ്രീയ്ക്കാണ് നടത്തിപ്പ് ചുമതല. പൂർണമായും സൗരോർജ്ജത്തിൽ പ്രവർത്തിക്കുന്ന കിയോസ്ക്കിൽ പച്ചക്കറികൾ കേടാവാതിരിക്കാൻ ശീതീകരണ സംവിധാനവുമുണ്ട്. നഗരസഭാ ഉപാദ്ധ്യക്ഷൻ പി.എസ്.എം. ഹുസൈൻ ആദ്യ വിൽപ്പന നിർവഹിച്ചു. എ. ഷാനവാസ്, ബിന്ദു തോമസ്, എൽജിൻ റിച്ചാർഡ്, രമ്യ സുർജിത്ത്, ടി.ബി. ഉദയൻ, ദാരിദ്ര്യ ലഘൂകരണ വിഭാഗം പ്രോജക്ട് ഓഫീസർ ടി. പ്രഭ, ജില്ലാ മിഷൻ കോ ഓർഡിനേറ്റർ ജെ. പ്രശാന്ത്, കെ.വി. സേവ്യർ, കെ.കെ. ശിവജി എന്നിവർ സംസാരിച്ചു.