മാവേലിക്കര: നിക്ഷേപിച്ച പണം മടക്കി കിട്ടാനാണ് സമരം നടത്തുന്നതെന്നും ബാങ്ക് ഭരണം നിക്ഷേപകരുടെ വിഷയമല്ലെന്നും നിക്ഷേപക കൂട്ടായ്മ ഭാരവാഹികൾ പ്രസ്താവനയിൽ അറിയിച്ചു. ഭരണസമിതി അധികൃതർക്ക് സമർപ്പിച്ചെന്ന് പറയുന്ന പാക്കേജിനെപറ്റി യാതൊരു അറിവുമില്ല. ഇല്ലാത്ത പാക്കേജ് കാട്ടി വീണ്ടും നിക്ഷേപകരെ കബളിപ്പിക്കാനാണ് ഭരണസമിതി ശ്രമിക്കുന്നത്. അങ്ങനെയൊരു പാക്കേജ് ഉണ്ടെങ്കിൽ വ്യക്തമാക്കണം. നിലവിലെ സാഹചര്യത്തിൽ നഷ്ടപ്പെട്ട തുക തട്ടിപ്പുകാരിൽ നിന്ന് തിരികെ പിടിക്കാൻ പോലും ബാങ്ക് അധികൃതർ ശ്രമിക്കുന്നില്ല.
ബാങ്കിന്റെ തകർച്ചയുടെ ആക്കം കൂട്ടുകയാണ് നിലവിലെ ഭരണസമിതി ചെയ്തുകൊണ്ടിരിക്കുന്നത്. സമരം ആരംഭിച്ച് പത്തുദിവസം പിന്നിട്ടിട്ടും ചർച്ചയ്ക്ക് വിളിക്കാൻ പോലും ഭരണസമിതി തയ്യാറായിട്ടില്ല. ഇത് സമരനാടകമല്ലെന്നും നീതി ലഭിക്കുന്നതുവരെ മരണം വരിക്കേണ്ടിവന്നാലും സമരം തുടരുമെന്നും നിക്ഷേപക കൂട്ടായ്മ ഭാരവാഹികളായ ബി. ജയകുമാർ, എം. വിനയൻ, വി.ജി. രവീന്ദ്രൻ, ടി.കെ. പ്രഭാകരൻ നായർ എന്നിവർ സംയുക്ത പ്രസ്താവനയിൽ അറിയിച്ചു.