maalambani

ആലപ്പുഴ: രാജ്യത്തെ ആദ്യ സമ്പൂർണ മലമ്പനി വിമുക്ത നഗരസഭയായി ആലപ്പുഴയെ പ്രഖ്യാപിച്ചു. നഗരസഭാ ടൗൺ ഹാളിൽ നടന്ന ചടങ്ങ് എച്ച്. സലാം എം.എൽ.എ ഉദ്ഘാടനം ചെയ്തു. നഗരസഭാ ചെയർപേഴ്‌സൺ സൗമ്യാരാജ് അദ്ധ്യക്ഷയായി.

2008 മുതൽ തദ്ദേശീയമായി മലമ്പനി റിപ്പോർട്ട് ചെയ്യാത്തതും മലമ്പനി മരണങ്ങൾ ഇല്ലാത്തതും പുറത്തുനിന്നെത്തിയ മലമ്പനി കേസുകളിൽ നിന്ന് രോഗം പടരാത്തതും അന്യസംസ്ഥാന തൊഴിലാളികളുടെ രക്തപരിശോധനയിൽ പോസിറ്റീവ് കേസുകൾ ഇല്ലാത്തതിനാലുമാണ് ആലപ്പുഴ നഗരസഭയെ ദേശീയതലത്തിൽ പ്രഥമ മലമ്പനി വിമുക്ത നഗരസഭയായി തിരഞ്ഞെടുത്തത്. കേന്ദ്ര ആയുഷ് മന്ത്രാലയത്തിന്റെയും സംസ്ഥാന സർക്കാരിന്റെ സുസ്ഥിര വികസന ലക്ഷ്യം പ്രോജക്ടിന്റെയും നേതൃത്വത്തിലായിരുന്നു തിരഞ്ഞെടുപ്പ്. അനിൽകുമാർ, സബിത എന്നിവർ ആമുഖ സന്ദേശം നൽകി. ബിന്ദു തോമസ്, എ. ഷാനവാസ്, ആർ. വിനീത, ഡി.പി. മധു, എം.ജി. സതീദേവി, രതീഷ്, സലിം മുല്ലാത്ത്, എ.എസ്. കവിത, സെക്രട്ടറി നീതുലാൽ, എച്ച്.ഒ കെ.പി. വർഗീസ്, സുജ എന്നിവർ സംസാരിച്ചു. വൈസ് ചെയർമാൻ പി.എസ്.എം ഹുസൈൻ സ്വാഗതം പറഞ്ഞു.