ആലപ്പുഴ: കുട്ടനാട്, ചേർത്തല താലൂക്കുകളിലെ വേലിയേറ്റത്തെ തുടർന്നുള്ള വെള്ളപ്പൊക്കം നേരിടുന്നതിന് തണ്ണീർമുക്കം, തോട്ടപ്പള്ളി, അന്ധകാരനഴി എന്നിവിടങ്ങളിലെ ഷട്ടറുകൾ കൃത്യമായി നിയന്ത്രിക്കുന്നതിന് മന്ത്രി പി. പ്രസാദിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന ജനപ്രതിനിധകളുടെയും ഉദ്യോഗസ്ഥരുടെയും യോഗം തീരുമാനിച്ചു.

വേലിയേറ്റവും വേലിയിറക്കവും തുടർച്ചയായി നിരീക്ഷിക്കുന്നതിനും അതനുസരിച്ച് ഷട്ടറുകളുടെ നിയന്ത്രണത്തിനും ജലസേചന വകുപ്പിന്റെ എൻജിനിയറിംഗ് വിഭാഗത്തെ ചുമതലപ്പെടുത്തി. നിലവിൽ തണ്ണീർമുക്കം ബണ്ടിന്റെ 70 ഷട്ടറുകൾ പൂർണമായും അടച്ച് 20 ഷട്ടറുകൾ വേലിയേറ്റത്തിനനുസരിച്ച് നിയന്ത്രിച്ചുവരികയാണ്. തത്കാലം ഈ സ്ഥിതി തുടരും. അന്ധകാരനഴിയിലെ തെക്ക്, വടക്ക് ഭാഗങ്ങളിലെ ഷട്ടറുകളാണ് സാഹചര്യം വിലയിരുത്തി നിയന്ത്രിക്കുക. ആവശ്യമുള്ള മേഖലകളിൽ അടിയന്തരമായി ദുരിതാശ്വാസ ക്യാമ്പുകൾ ആരംഭിക്കുന്നതിന് ക്രമീകരണം ഏർപ്പെടുത്താനും യോഗം തീരുമാനിച്ചു.

ചേർത്തല താലൂക്കിൽ മത്സ്യകൃഷിക്കായി അമിതമായി വെള്ളം കെട്ടിനിറുത്തി ജനങ്ങളുടെ സുരക്ഷയ്ക്ക് ഭീഷണി സൃഷ്ടിക്കാതിരിക്കാൻ ജാഗ്രത പുലർത്തണമെന്ന് മന്ത്രി നിർദേശിച്ചു. യോഗത്തിൽ വിവിധ മേഖലകളിലെ നിലവിലെ സ്ഥിതിയും സ്വീകരിക്കേണ്ട അടിയന്തര നടപടികളും തദ്ദേശസ്ഥാപന അദ്ധ്യക്ഷൻമാർ വിശദീകരിച്ചു. എം.എൽ.എമാരായ തോമസ്.കെ. തോമസ്, ദലീമ ജോജോ, എച്ച്. സലാം, ജില്ലാ കളക്ടർ എ. അലക്‌സാണ്ടർ, ദുരന്തനിവാരണ വിഭാഗം ഡെപ്യൂട്ടി കളക്ടർ ആശ.സി. എബ്രഹാം എന്നിവർ പങ്കെടുത്തു.