കുട്ടനാട്: സി.പി.എം കുട്ടനാട് ഏരിയാ പ്രതിനിധി സമ്മേളനം ജി. ഉണ്ണിക്കൃഷ്ണനെ വീണ്ടും സെക്രട്ടറിയായി തിരഞ്ഞെടുത്തു. വെളിയനാട് സെന്റ് സ്റ്റീഫൻ ചർച്ച് ഹാളിൽ (കെ. പ്രകാശൻ നഗർ) രണ്ടുദിവസമായാണ് സമ്മേളനം നടന്നത്. മഹിളാ അസോസിയേഷൻ ഏരിയാ പ്രസിഡന്റ് എം.വി. പ്രിയ,​ ഡി.വൈ.എഫ്.ഐ ഏരിയാ സെക്രട്ടറി ജോജോ ആന്റണി, മുട്ടാർ ലോക്കൽ കമ്മിറ്റി സെക്രട്ടറി ബിജിലി ബേബി എന്നിവരെ ഉൾപ്പെടുത്തി 21 അംഗ ഏരിയാ കമ്മിറ്റി നിലവിൽവന്നു. കഴിഞ്ഞ കമ്മിറ്റിയിലുണ്ടായിരുന്ന രാമങ്കരി പഞ്ചായത്ത് പ്രസിഡന്റ് ആ‌ർ. രാജേന്ദ്രകുമാർ,​ എൻ.ഡി. ഉദയകുമാർ,​ എസ്. രമാദേവി എന്നിവരെയാണ് ഒഴിവാക്കിയത്. സ്വാഗതസംഘം ചെയർമാൻ വെളിയനാട് ലോക്കൽ കമ്മിറ്റി സെക്രട്ടറി കെ. മോഹൻലാൽ, കൺവീനർ പി.വി. രാമഭദ്രൻ, ജില്ലാ കമ്മിറ്റിയംഗം കെ.കെ. അശോകൻ എന്നിർ സമ്മേളന നടപടികൾക്ക് നേതൃത്വം നൽകി.