മാവേലിക്കര : നഗരത്തിൽ കുട്ടികൾക്കായി ശാസ്ത്ര, വിനോദ ഉദ്യാനം വരുന്നു. എം.എസ് അരുൺകുമാർ എം.എൽ.എ വിദ്യാഭ്യാസ വകുപ്പിനോട് ആവശ്യപ്പെട്ടതനുസരിച്ചാണ് പദ്ധതിക്ക് അനുമതി ലഭിച്ചത്. പദ്ധതി യാതാർത്ഥ്യമായാൽ ജില്ലയിൽ ആദ്യത്തേതും സംസ്ഥാനത്തെ ശാസ്ത്രവിനോദ ഉദ്യാനങ്ങളിൽ എട്ടാമത്തേതുംമാവും മാവേലിക്കരയിലേത്. നഗരസഭയുടെ അധീനതയിലുള്ള ടി.കെ മാധവൻ സ്മാരക നഗരസഭാ പാർക്ക് അടക്കമുള്ള ഒരേക്കർ എഴുപത് സെന്റ ഭൂമിയാണ് പദ്ധതിക്കായി ആലോചിക്കുന്നത്.

എം.എസ് അരുൺകുമാർ എം.എൽ.എയുടെ നേതൃത്വത്തിൽ ശാസ്ത്ര സാങ്കേതിക മ്യൂസിയം ഡയറക്ടർ ഡോ.ജി.പദ്മകുമാർ, അസി.ഡയറക്ടർ ഇൻചാർജ് ആർ.രതീഷ്, മാവേലിക്കര നഗരസഭാധ്യക്ഷൻ കെ.വി ശ്രീകുമാർ, ഉപാധ്യക്ഷ ലളിത രവീന്ദ്രനാഥ്, അനി വർഗീസ്, സജീവ് പ്രായിക്കര, തോമസ് മാത്യു, ഡി.തുളസീദാസ് എന്നിവർ സ്ഥലം സന്ദർശിച്ചു. തുടർന്ന് റെസ്റ്റ് ഹൗസിൽ വെച്ച് പ്രാഥമിക ചർച്ച നടത്തി.
നഗരസഭയുടെ അനുമതി ലഭിച്ചാൽ ഉടൻ പദ്ധതി പ്രവർത്തനങ്ങൾ ആരംഭിക്കും. ഉദ്യാനത്തിൽ വിനോദത്തിനും ശാസ്ത്ര വിനോദത്തിനുമുള്ള പാർക്ക്, രാത്രിയും പകലും വാന നിരീക്ഷണം നടത്തുന്നതിനുള്ള സംവിധാനം, കുട്ടികൾക്കായി മിനി ഡിജിറ്റൽ തീയേറ്റർ, കുട്ടികൾക്കായി ഇൻഫർമേഷൻ ടെക്‌നോളജിയുടെ സഹായത്തോടെ സമഗ്രമായ ഡിജിറ്റൽ ലൈബ്രറി, മ്യൂസിക്കൽ ഫൗണ്ടൻ പാർക്ക്, മാവേലിക്കരയുടെ ചരിത്രത്തിലേക്ക് വാതിൽ തുറക്കുന്ന ഗാലറി, മിനി കോൺഫറൻസ് ഹാൾ എന്നിവയുണ്ടാവും. ഭൗതിക രസതന്ത്ര വിഷയങ്ങൾ വിദ്യാർഥികൾക്ക് നേരിട്ട് അനുഭവ വേദ്യമാകുന്ന നിലയിലാവും ഉദ്യാനത്തിന്റെ നിർമാണം. പദ്ധതി പ്രവർത്തനം ആരംഭിച്ചാൽ രണ്ടു വർഷത്തിനുള്ളിൽ പൂർത്തീകരിക്കാനാവുമെന്ന് പദ്മകുമാർ പറഞ്ഞു. പദ്ധതി യാഥാർഥ്യമായാൽ ആലപ്പുഴ ജില്ലയിലേയും സമീപ ജില്ലകളിലുമുള്ള വിദ്യാർഥികൾക്ക് പഠന യാത്രകൾക്കും വിനോദ യാത്രകൾക്കുമുള്ള പ്രധാന കേന്ദ്രങ്ങളിലൊന്നായി മാവേലിക്കര മാറുമെന്ന് എം.എസ് അരുൺകുമാർ എം.എൽ.എ പറഞ്ഞു.