purushothaman

അരൂർ: റെയിൽവേ പാളത്തിലൂടെ മറുവശത്തെ റോഡിലേക്ക് നടന്ന ഓർമ്മക്കുറവുള്ള യുവാവിനും രക്ഷിക്കാൻ ശ്രമിച്ച പിതാവിനും ട്രെയിനിടിച്ച് ദാരുണാന്ത്യം. അരൂർ ചന്തിരൂർ പുളിത്തറ വീട്ടിൽ പുരുഷോത്തമൻ (69), മകൻ നിധീഷ് (28) എന്നിവരാണ് മരിച്ചത്.

ചന്തിരൂർ വെളുത്തുള്ളി ലെവൽ ക്രോസിന് സമീപം ഇന്നലെ രാവിലെ ഒൻപതോടെയായിരുന്നു ദാരുണസംഭവം. തിരുവനന്തപുരത്ത് നിന്ന് കോഴിക്കോട്ടേക്ക് പോവുകയായിരുന്ന ജനശതാബ്ദി എക്സ്‌പ്രസാണ് ഇടിച്ചത്. സംഭവ സ്ഥലത്തിന് സമീപമാണ് ഇവരുടെ വീട്. രണ്ടുവർഷം മുമ്പുണ്ടായ വാഹനാപകടത്തിൽ നിധീഷിന് ഓർമ്മശക്തി നഷ്ടപ്പെട്ടിരുന്നു. രോഗത്തിൽ നിന്ന് മുക്തനായില്ലെങ്കിലും ചെറിയ ജോലികൾക്ക് പോയിരുന്നു.

മത്സ്യത്തൊഴിലാളിയായ പുരുഷോത്തമൻ ഇന്നലെ ജോലി കഴിഞ്ഞ് വീട്ടിലേക്ക് വരുന്നതിനിടെയാണ് മകൻ റെയിൽവേ പാളത്തിലൂടെ നടന്നുനീങ്ങുന്നത് കണ്ടത്. ട്രെയിൻ വരുന്നത് കണ്ടതോടെ മകനെ രക്ഷിക്കാനായി ഓടിയെത്തി. ട്രെയിനിടിച്ച് തെറിച്ച ഇരുവരും തത്ക്ഷണം മരിച്ചു. അരൂർ പൊലീസ് എത്തി മൃതദേഹം മാറ്റിയശേഷമാണ് ട്രെയിൻ യാത്ര തുടർന്നത്. മൃതദേഹങ്ങൾ കുമ്പളം ശാന്തിവനം ശ്മശാനത്തിൽ സംസ്കരിച്ചു. ശാന്തയാണ് പുരുഷോത്തമന്റെ ഭാര്യ. നിധീഷ് അവിവാഹിതനാണ്. നിധീഷിന്റെ സഹോദരൻ നിഷാദ്.