photo

ചേർത്തല: ഗണിത പഠനത്തിന് ഡിജി​റ്റൽ സാങ്കേതിക വിദ്യയുടെ ഉപയോഗവും ജ്യാമിതീയ പഠനരീതികളും ഉൾക്കൊള്ളിച്ച് ദേശീയ എൻ.സി.ഇ.ആർ.ടി കോൺഫറൻസിൽ അച്ഛനും മക്കളും പ്രബന്ധം അവതരിപ്പിക്കും. തണ്ണീർമുക്കം പഞ്ചായത്ത് ആറാം വാർഡിൽ വൈശാഖത്തിൽ ദേവരാജനും മക്കളായ നന്ദിതക്കും നിവേദിതയ്ക്കുമാണ് ക്ഷണം ലഭിച്ചത്. ഡിജിറ്റൽ സാങ്കേതികവിദ്യ ഗണിത പഠനത്തിന് എങ്ങനെ ഫലപ്രദമായി ഉപയോഗിക്കാമെന്ന വിഷയത്തിൽ പ്രബന്ധം അവതരിപ്പിക്കാനാണ് നന്ദിതക്കും നിവേദിതക്കും ക്ഷണം.

ആദ്യ ലോക്ക്ഡൗൺ കാലമായ 2020 മാർച്ചിലാണ് നന്ദിതയും നിവേദിതയും ഓൺലൈൻ ക്ലാസുകളിലൂടെ ഗണിതം രസകരവും എളുപ്പവുമുള്ള വിഷയമാക്കി അവതരിപ്പിച്ചത്. വിദ്യാർത്ഥികളുടെ താത്പര്യം മനസിലാക്കി നന്ദിതയും നിവേദിതയും സ്വീകരിച്ച രീതികളാണ് എൻ.സി.ഇ.ആർ.ടി പ്രബന്ധമായി അംഗീകരിച്ചത്. ഭാരതീയ ഗണിതശാസ്ത്രത്തിൽ ജ്യാമിതീയ പഠനരീതികൾ ഇന്നത്തെ പാഠ്യപദ്ധതിയിൽ വിദ്യാർത്ഥികൾക്ക് എങ്ങനെ പ്രയോജനപ്പെടുമെന്ന വിഷയത്തിലാണ് പിതാവ് ദേവരാജ് പ്രബന്ധം അവതരിപ്പിക്കുക.

ഭാരതീയ ഗണിതശാസ്ത്രജ്ഞനായ ശ്രീനിവാസ രാമാനുജന്റെ ജന്മദിനമായ 22ന് ദേശീയ ഗണിതശാസ്ത്ര ദിനത്തോടനുബന്ധിച്ചാണ് എൻ.സി.ഇ.ആർ.ടി ദേശീയ ഗണിത വിദ്യാഭ്യാസ സമ്മേളനം വർഷം തോറും നടത്തിവരുന്നത്. പത്താമത് ദേശീയ ഗണിത സമ്മേളനം 20 മുതൽ 22വരെ മൈസൂരിലാണ് നടക്കുക. ആദ്യമായാണ് സ്‌കൂൾ വിദ്യാർത്ഥികൾക്ക് പ്രബന്ധം അവതരിപ്പിക്കാൻ അവസരം ലഭിക്കുന്നത്. നന്ദിതയും നിവേദിതയും ഈ വർഷം ജൂണിൽ അന്തർദേശീയ വേദഗണിത സമ്മേളനത്തിലും പ്രബന്ധം അവതരിപ്പിച്ചിരുന്നു. സി.ബി.എസ്.സി ചെയർപേഴ്സണും നിലവിൽ ദേശീയ വിദ്യാഭ്യാസ സെക്രട്ടറിയുമായ അനിതാ കർവാർ കുട്ടികളെ അഭിനന്ദിച്ചിരുന്നു.

ഓട്ടോ മൊബൈൽ എൻജിനിയറിംഗ് പാസായി ഹോണ്ടയുടെ കേരളത്തിലെ മുതിർന്ന ഉദ്യോഗസ്ഥാനായിരുന്ന ദേവരാജ് 12 വർഷമായി വേദിക് ഗണിത പരിശീലകനായി തുടരുകയാണ്. ഓൺലൈനായി വേദിക് ഗണിതം ക്ലാസുകൾ എടുക്കുന്നത് കണ്ടാണ് നന്ദിതയും നിവേദിതയുംലോക് ഡൗൺ കാലത്ത് ഓൺലൈനായി ഗണിതം പഠിപ്പിക്കാൻ തുടങ്ങിയത്.

ഇരുവരും കോട്ടയം കേന്ദ്രീയ വിദ്യാലയത്തിലെ പ്ളസ് വൺ,​ ഏഴാം ക്ലാസ് വിദ്യാർത്ഥികളാണ്. അമ്മ പി.എസ്. ധന്യ കോട്ടയം പാമ്പാടി ഗവ. എൻജിനിയറിംഗ് കോളേജിലെ കമ്പ്യൂട്ടർ പ്രോഗ്രാമറാണ്.