
ചാരുംമൂട്: വാഹന നിർമ്മാണ മേഖലയിൽ മാറ്റങ്ങൾക്ക് വഴിതെളിക്കാൻ സാദ്ധ്യതയുള്ള സൗരോർജ കാർ മാതൃക പാറ്റൂർ ശ്രീബുദ്ധ കോളേജ് ഒഫ് എൻജിനിയറിംഗ് വികസിപ്പിച്ചെടുത്തു. സോളാർ പവേർഡ് ഇലക്ട്രിക് കാർ (സ്പെക്) എന്ന് പേര് നൽകിയിരിക്കുന്ന വാഹനത്തിന്റെ പ്രദർശനം കോളേജിൽ നടന്ന ചടങ്ങിൽ കോളേജ് ചെയർമാൻ പ്രൊഫ. കെ. ശശികുമാർ ഉദ്ഘാടനം ചെയ്തു.
കോളേജ് സെക്രട്ടറി ഡോ. കെ.ബി. മനോജ്, ട്രെഷറർ കെ.കെ. ശിവദാസൻ, പ്രിൻസിപ്പൽ ഡോ. കെ. കൃഷ്ണകുമാർ തുടങ്ങിയവർ സംസാരിച്ചു. ഇലക്ട്രോണിക് വകുപ്പ് മേധാവി പ്രൊഫ. പി.പി. പവിത, മറ്റ് വകുപ്പ് മേധാവികൾ, മാനേജ്മെന്റ് പ്രതിനിധികൾ, അദ്ധ്യാപകർ, അനദ്ധ്യാപകർ, വിദ്യാർത്ഥികൾ എന്നിവർ പങ്കെടുത്തു. കോളേജിലെ ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ വിഭാഗത്തിലെ പ്രൊഫസർ അലക്സ് വിയുടെ നേതൃത്വത്തിൽ കോളേജിലെ തന്നെ മെക്കാനിക്കൽ എൻജിനിയറിംഗ് വിഭാഗത്തിന്റെ സഹായത്തോടെ ആറുമാസത്തോളം സമയമെടുത്താണ് വാഹന മാതൃക നിർമ്മിച്ചത്. നിലവിലുള്ള ഇലക്ട്രിക് വാഹനങ്ങളിൽ നിന്ന് വ്യത്യസ്തമായി സൗരോർജ സഹായത്തോടെ സഞ്ചരിക്കാവുന്ന രീതിയിൽ വാഹനത്തിന്റെ പുറം ഭാഗത്ത് സോളാർ പാനലുകൾ ഘടിപ്പിച്ചാണ് നിർമ്മാണം.
വേണ്ടത്ര സൗരോർജം ലഭ്യമല്ലാത്ത സാഹചര്യത്തിൽ വാഹനത്തിൽ ഘടിപ്പിച്ചിരിക്കുന്ന ബാറ്ററിയിൽ നിന്നുള്ള ഊർജവും ഉപയോഗിക്കാൻ കഴിയും. പരമാവധി 40 കിലോമീറ്റർ വരെ വേഗം കൈവരിക്കാൻ കഴിയുന്ന വാഹനത്തിൽ ഡ്രൈവറടക്കം നാലുപേർക്ക് സഞ്ചരിക്കാനാകും. അത്യാവശ്യ ഘട്ടങ്ങളിൽ വാഹനത്തിലെ ബാറ്ററിയിൽ ശേഖരിച്ചിരിക്കുന്ന ഊർജം ഉപയോഗിച്ച് വീട്ടുപകരണങ്ങൾ പ്രവർത്തിപ്പിക്കാനുള്ള സംവിധാനവും ഒരുക്കിയിട്ടുണ്ട്. പൂർണമായും കോളേജ് ലാബിൽ നിർമ്മിച്ചെടുത്ത കാർ മാതൃകയുടെ യന്ത്ര - ഇലക്ട്രിക്കൽ ഭാഗങ്ങൾ ഒഴികെ ബോഡി നിർമ്മാണത്തിനാവശ്യമായ സാധനങ്ങൾ പഴയതും ഉപയോഗശൂന്യവുമായ വാഹനങ്ങളിൽ നിന്നാണ് ശേഖരിച്ചത്. എകദേശം 60,000 രൂപയോളം ചെലവിൽ നിർമ്മിച്ച വാഹനമാതൃക ലക്ഷ്യമിടുന്നത് വ്യവസായശാലകൾ, മൾട്ടിനാഷണൽ കമ്പനികൾ, ക്യാമ്പസുകൾ തുടങ്ങിയ സ്ഥാപനങ്ങൾക്കുള്ളിലെ യാത്രകൾക്കും സാധന - സാമഗ്രികളുടെ നീക്കങ്ങൾക്കുമാണ്. ഭാവിയിൽ വ്യാവസായികമായി നിർമ്മിക്കാനുള്ള മാതൃകയും വികസിപ്പിച്ചുവരുന്നു. ഈ മാതൃകയിൽ വെബ് ആപ്പ് അധിഷ്ഠിതമായി പൂർണമായും ഓട്ടോമാറ്റിക്കായി പ്രവർത്തിപ്പിക്കാവുന്ന രീതിയിലാണ് വിഭാവനം ചെയ്യുന്നത്.