diper

# മാലിന്യം പൊതുനിരത്തിൽ വലിച്ചെറിയുന്നു

ആലപ്പുഴ: ഉപയോഗിച്ച ബേബി ഡയപ്പറുകൾ പ്ലാസ്റ്റിക് കൂടിലാക്കി റോഡ് വശങ്ങളിലും അന്യരുടെ പറമ്പുകളിലേക്കും വലിച്ചെറിയുന്നത് നഗരത്തിൽ വ്യാപകമാകുന്നു. മലവും മൂത്രവും കൂടിക്കലർന്ന് ദുർഗന്ധം വമിക്കുന്നത് വഴിയാത്രക്കാർക്കും ദുരിതമായി.

സംസ്‌കരണ സംവിധാനങ്ങളില്ലാത്തതും ഇവ സംസ്‌കരിക്കേണ്ട രീതിയേക്കുറിച്ച് അവബോധമില്ലാത്തതുമാണ് മാലിന്യം വലിച്ചെറിയാൻ കാരണം. നഗരത്തിലെ ഭൂരിഭാഗം ഇടറോഡുകളും ഇത്തരത്തിൽ ദുർഗന്ധപൂരിതമാണ്. തെരുവ് നായ്ക്കൾ ഇത് കടിച്ചുകീറി റോഡിലേക്ക് തള്ളുന്നത് പകർച്ചവ്യാധികൾക്കും കാരണമാകുന്നുണ്ട്.

ഉപയോഗിച്ച ഡയപ്പർ വെള്ളത്തിലിട്ടശേഷം ജെല്ല് ഒഴിവാക്കി സംസ്‌കരിക്കണമെന്നാണ് നഗരസഭാ ഹെൽത്ത് അധികാരികൾ പറയുന്നത്. എന്നാൽ ഈ രീതി ആരും പിന്തുടരുന്നില്ല. ഡയപ്പറുകൾ അടക്കമുള്ള രോഗവാഹികളായ മാലിന്യങ്ങൾ കത്തിച്ചുകളയുകയാണ് വേണ്ടത്. ഒരു ഡയപ്പർ മണ്ണടിയാൻ വർഷങ്ങൾ വേണ്ടിവരും. ഹരിത കർമ്മസേന വീടുകളിൽ നിന്ന് പ്ലാസ്റ്റിക് മാലിന്യമാണ് ശേഖരിക്കുന്നത്. ഇവർ ഡയപ്പറുകൾ ശേഖരിക്കുന്നില്ല. മിക്ക വീട്ടുകാരും ഡയപ്പർ മാലിന്യം കൂടി ശേഖരിക്കണമെന്ന് ആവശ്യപ്പെടുന്നുണ്ടെന്ന് ഹരിതകർമ്മ സേനാംഗങ്ങൾ പറയുന്നു.

നഗരസഭയുടെ എയ്റോബിക് കമ്പോസ്റ്റുകളിലേയ്ക്ക് ജൈവ - അജൈവ മാലിന്യങ്ങൾ മാത്രമേ ശേഖരിക്കുന്നുള്ളൂ. കുട്ടികളുടെയും വലിയവരുടെയും ഡയപ്പർ, സാനിട്ടറി പാഡുകൾ എന്നിവ ഇവിടെ സംസ്കരിക്കാറില്ല. നഗരത്തിലെ മിക്ക വീടുകളും ഒന്നര മുതൽ മൂന്ന് സെന്റിലാണ് സ്ഥിതിചെയ്യുന്നത്. ഇവർക്ക് വീടുകളിൽ മാലിന്യം സംസ്കരിക്കാൻ ഇടമില്ലാത്തതാണ് പൊതുഇടങ്ങളിൽ തള്ളാൻ കാരണം.

എങ്ങനെ ഡയപ്പറുകൾ നശിപ്പിക്കാം?

1. ഉപയോഗ ശൂന്യമായ ബക്കറ്റിൽ ഡയപ്പർ പൊട്ടിച്ച് ജെൽ ഇടുക

2. ഇതിന് മുകളിൽ ഉപ്പുപ്പൊടി വിതറുക

3. ഒരു മണിക്കൂറിന് ശേഷം ഇത് വെള്ളമായി മാറും

4. ആഴ്ചയിൽ ഒരിക്കൽ ഈ രീതിയിൽ സംസ്കരിക്കാം

''''

നഗരത്തിൽ വഴിനീളെ മാലിന്യം തള്ളുന്നത് ഒഴിവാക്കാനും സംസ്‌കരിക്കാനും ജനങ്ങളെ ബോധവത്കരിക്കുന്നതിന് നടപടികൾ സ്വീകരിക്കണം. ആശുപത്രികളോടും ക്ലിനിക്കുകളോടും അനുബന്ധിച്ച് ഇൻസിനറേറ്ററുകൾ നിർബന്ധമായും സ്ഥാപിക്കണം.

തത്തംപള്ളി റെസി. അസോസിയേഷൻ (ടി.ആർ.എ)