ആലപ്പുഴ : "എയർ ഹോൺ" മുഴക്കരുതെന്ന മുന്നറിയിപ്പ് ബോർഡുകൾ റോഡരികുകളിൽ കാണാനേയില്ല. നിലവിലുണ്ടായിരുന്ന ബോർഡുകൾ റോഡ് പുനരുദ്ധരണത്തിന്റെ ഭാഗമായി നീക്കം ചെയ്യുകയായിരുന്നു. എന്നാൽ, റോഡ് നിർമ്മാണം പൂർത്തിയായ ഇടങ്ങളിൽ ഇവ പുനഃസ്ഥാപിച്ചിട്ടില്ല.
ആലപ്പുഴ നഗരത്തിൽ തിരക്കേറിയ ജനറൽ ആശുപത്രി, സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രി, കളക്ടറേറ്റ്, കൂടുതൽ കുട്ടികൾ പഠിക്കുന്ന വിദ്യാലയങ്ങളായ മുഹമദൻസ്, ഗവ. ഗേൾസ്, ടി.ഡി സ്കൂൾ, കാർമ്മൽ, സെന്റ് ജോസഫ്, എസ്.ഡി.വി സ്കൂൾ, എസ്.ഡി കോളേജ്, ജില്ലാ കോടതി തുടങ്ങിയ ഇടങ്ങളിലും അമ്പലപ്പുഴ, ഹരിപ്പാട്, കായംകുളം, ചേർത്തല, ചെങ്ങന്നൂർ, മാവേലിക്കര, കുട്ടനാട് താലൂക്കുകളിലെ ആസ്ഥാനങ്ങളിലെ പ്രധാന പാതയോരങ്ങളിലുമൊന്നും ഹോൺ മുഴക്കുന്നത് നിരോധിച്ചുള്ള ബോർഡുകൾ കാണാനില്ല.
ഏത് തരം ഹോണും
ഓൺലൈനിൽ
വാഹനങ്ങളിൽ ഉപയോഗിക്കുന്നത് നിരോധിച്ചിട്ടുള്ള എയർ ഹോൺ ഓൺലൈൻ വിപണിയിലൂടെ സുലഭമായി ലഭിക്കും. മൾട്ടി ട്യൂൺ ഹോണുകൾക്ക് (പലതരത്തിലുള്ള ശബ്ദം മുഴക്കുന്നത്) ആവശ്യക്കാരും ഏറെയാണ്. സ്കൂളുകൾക്കും കോളേജുകൾക്കും മുന്നിലെത്തിയാൽ ഹോണടിച്ച് നാട്ടുകാരുടെയും വിദ്യാർത്ഥികളുടെയും ശ്രദ്ധതിരിക്കുന്ന വിരുതൻമാരുമുണ്ട്. എയർബസുകളിലും അന്യസംസ്ഥാനത്ത് സർവീസുകൾ നടത്തുന്ന ബസുകളിലും ചരക്കു ലോറികളിലുമാണ് നിരോധിത ഹോണുകൾ കൂടുതലായി ഉപയോഗിക്കുന്നത്. പരിശോധനയ്കക്കിടെ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരോ പൊലീസോ ഇത്തരം ഹോണുകൾ ഉപയോഗിക്കുന്നത് പിടികൂടിയാലും പിഴ അടിക്കുന്നതല്ലാതെ എയർഹോൺ അഴിച്ചുമാറ്റാറില്ല.
" നിലവിലെ മുന്നറിയിപ്പ് ബോർഡുകൾ റോഡ് പുനർ നിർമ്മാണവുമായി ബന്ധപ്പെട്ട് നീക്കം ചെയ്തതാണ്. പുനർ നിർമ്മാണം പൂർത്തികരിച്ച ഭാഗത്ത് ബോർഡുകൾ സ്ഥാപിച്ചു തുടങ്ങി. നിരോധിതമേഖലയിൽ ഹോൺമുഴക്കിയാൽ 1000രൂപയാണ് പിഴ ഈടാക്കുന്നത്.
- എൻഫോഴ്സ്മെന്റ് വിഭാഗം, മോട്ടോർ വാഹനവകുപ്പ്