
ആലപ്പുഴ: പാൽ, മുട്ട, മീൻ, മാംസം എന്നിവയിൽ സ്ത്രീകളെ സ്വയംപര്യാപ്തരാക്കാൻ മൃഗസംരക്ഷണ മേഖലയിൽ പുത്തൻ ചുവടുവയ്പ്പുമായി കുടുംബശ്രീ. ഇന്റെൻസീവ് ബ്ലോക്കുകൾ രൂപീകരിച്ചാണ് കുടുംബശ്രീയുടെ പുതിയ പ്രവർത്തനം. കഞ്ഞിക്കുഴി, ആര്യാട് ബ്ലോക്കുകളെ ഇതിനായി തിരഞ്ഞെടുത്തു.
മുൻ വർഷങ്ങളിലെ പ്രവർത്തനം പരിഗണിച്ച് എല്ലാ ബ്ലോക്കുകളുടെയും വിവരശേഖരണം നടത്തിയാണ് ഇതിൽ നിന്ന് രണ്ട് ബ്ളോക്കുകളെ തിരഞ്ഞെടുത്തത്. അഞ്ചുവർഷം കൊണ്ട് പാൽ, മുട്ട, മത്സ്യം, മാംസം എന്നിവയുടെ ലഭ്യതയിൽ ഈ ബ്ലോക്കുകളെ സ്വയംപര്യാപ്തതയിലെത്തിക്കുകയാണ് ലക്ഷ്യം. മേൽനോട്ടം വഹിക്കാനും കർഷകരെ സഹായിക്കാനും മൃഗസംരക്ഷണ റിസോഴ്‌സ് പേഴ്‌സൺമാരെയും സജ്ജരാക്കിയിട്ടുണ്ട്.
സംയോജിത കർഷകരെ പ്രോത്സാഹിപ്പിക്കുന്നതിനും നിലവിൽ പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന സംരംഭങ്ങളെ ശാക്തീകരിക്കുന്നതിനുമുള്ള പദ്ധതികളും കുടുംബശ്രീയുടെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി പുതിയ പദ്ധതിയുമായി സംയോജിപ്പിച്ചിട്ടുണ്ട്.
ഭക്ഷ്യസ്വയംപര്യാപ്തതയിലേക്ക് പുതിയ ചുവടുവയ്പ്പ്
1. ഒരു ബ്ലോക്കിൽ നാലുപേർ എന്ന തരത്തിലാണ് ക്രമീകരണം
2. ഇന്റെൻസീവ് ബ്ലോക്കുകൾക്ക് ആനുകൂല്യങ്ങൾ നൽകും
3. ആദ്യവർഷം ഒരു സി.ഡി.എസിനെ മാതൃകാ സി.ഡി.എസായി തിരഞ്ഞെടുക്കും
4. ഇവർക്ക് അഞ്ചുലക്ഷം രൂപ സാമൂഹിക നിക്ഷേപമായി നൽകും
5. മൃഗസംരക്ഷണ സംരംഭങ്ങൾക്ക് നാലുശതമാനം പലിശ
6. അവശ വിഭാഗങ്ങൾക്ക് പൂർണ സബ്‌സിഡിയോടെ തുക അനുവദിക്കും
സബ്സിഡി: 04 %
''''
സ്ത്രീകളെ സ്വയംപര്യാപ്തരാക്കാനാണ് ഓരോ ചുവടുവയ്പ്പും. ഇതിലൂടെ സ്ഥിര വരുമാനം ലഭ്യമാക്കും. പ്രവർത്തനങ്ങളുടെ അടിസ്ഥാനത്തിലാണ് ജില്ലയിലെ കുടുംബശ്രീ ഇന്റെൻസീവ് ബ്ലോക്കുകളെ കണ്ടെത്തിയത്.
അജയകുമാർ, കുടുംബശ്രീ ജില്ലാ അസി. കോ ഓർഡിനേറ്റർ