
ആലപ്പുഴ: അശ്വമേധം കുഷ്ഠരോഗ നിർണയ തുടർ നിരീക്ഷണ പരിപാടിയുടെ ഭാഗമായി ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ സൺഡേ സെൽഫി ക്യാമ്പയിൻ നടത്തുന്നു. കുഷ്ഠരോഗ ലക്ഷണങ്ങൾ ഉണ്ടോയെന്ന് സ്വയം പരിശോധിക്കുന്നതിന് പൊതുജനങ്ങളെ സജ്ജരാക്കുകയാണ് ലക്ഷ്യം. തൊലിപ്പുറത്ത് സ്പർശന ശേഷി കുറഞ്ഞതോ, നിറം മങ്ങിയതോ, ചുവന്നതോ ആയ പാടുകൾ, തടിപ്പുകൾ, കട്ടികൂടിയ തിളക്കമുള്ള ചർമം, വേദനയില്ലാത്ത വ്രണങ്ങൾ എന്നിവ ശരീരത്തിൽ ഇല്ലെന്ന് ഉറപ്പാക്കണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ നിർദേശിച്ചു. ആരോഗ്യപ്രവർത്തകർ ഭവന സന്ദർശനം നടത്തി കുഷ്ഠരോഗ ലക്ഷണങ്ങൾ ഉള്ളവരെ കണ്ടെത്തുന്നതിനുള്ള പ്രവർത്തനങ്ങളും ജില്ലയിൽ നടന്നുവരുന്നു. ലക്ഷണങ്ങൾ കണ്ടെത്തുന്നവർ ആരോഗ്യപ്രവർത്തകരെ കാണിച്ച് പരിശോധന നടത്തണം. തിരച്ചറിയപ്പെടാത്ത കുഷ്ഠരോഗ ലക്ഷണങ്ങൾ ഉള്ളവരെ കണ്ടെത്തി ചികിത്സിക്കുകയും മറ്റുള്ളവരിലേക്ക് രോഗം പകരുന്നില്ലെന്ന് ഉറപ്പാക്കുകയും വേണം. ഫോൺ: ആലപ്പുഴ- 9207756751, കായംകുളം- 6282307814, മാവേലിക്കര- 9446529427, അമ്പലപ്പുഴ- 9745106209, ചെങ്ങന്നൂർ- 8281404039, ചേർത്തല- 9447753059, ഹരിപ്പാട്- 9249768358, കുട്ടനാട് - 9446592270.