
ആലപ്പുഴ: നഗരസഭ കുടുംബശ്രീ നോർത്ത് സി.ഡി.എസിന്റെ ആഭിമുഖ്യത്തിലുള്ള ജനകീയ ഭക്ഷണശാല, 'സ്വാദ്' നഗരസഭ അദ്ധ്യക്ഷ സൗമ്യ രാജ് ഉദ്ഘാടനം ചെയ്തു. ആലപ്പുഴ നഗരത്തിൽ ആരംഭിക്കുന്ന നാലാമത്തെ ജനകീയ ഭക്ഷണ ശാലയാണ് ഇത്. കൈ ചൂണ്ടി ജംഗ്ഷന് സമീപമുള്ള സി.ഡി.എസ് ഓഫീസിന്റെ താഴത്തെ നിലയിലാണ് ജനകീയ ഭക്ഷണശാലയുടെ പ്രവർത്തനം. ചടങ്ങിൽ ക്ഷേമകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷൻ എ.ഷാനവാസ് അദ്ധ്യക്ഷനായി. ഉപാദ്ധ്യക്ഷൻ പി.എസ്.എം. ഹുസൈൻ മുഖ്യ പ്രഭാഷണം നടത്തി.സ്ഥിരം സമിതി അദ്ധ്യക്ഷൻ കെ. ബാബു, കൗൺസിലർമാരായ വിജി ശങ്കർ, മോനിഷ ശ്യാം ,മനു ഉപേന്ദ്രൻ, മുനിസിപ്പൽ സെക്രട്ടറി നീതുലാൽ, ജില്ലാ മിഷൻ കോഓർഡിനേറ്റർ പ്രശാന്ത് ബാബു കെ, എൻ.യു.എൽ.എം മാനേജർ ശ്രീജിത്ത്, സി.ഡി.എസ് ചെയർപേഴ്‌സൺമാരായ ലാലി വേണു, സുജാത ധനപാലൻ, സോഫിയ അഗസ്റ്റിൻ, സസ്യ എസ്, ദാരിദ്ര്യ ലഘൂകരണ വിഭാഗം പ്രോജക്ട് ഓഫീസർ ടി. പ്രഭ എന്നിവർ സംസാരിച്ചു.