sports

പൂച്ചാക്കൽ: ട്രാക്കിലും ഫീൽഡിലും പുതിയ വേഗവും ദൂരവും കുറിച്ചവരെ ഒരു കുടക്കീഴിലെത്തിച്ച് സ്‌പോർട്സ് ഈസ് മൈ ലൈഫ് അത് ലറ്റിക് വെൽഫെയർ അസോസിയേഷൻ. രാജ്യത്തിനായി മെഡലുകൾ വാരിക്കൂട്ടിയ താരങ്ങൾ രൂപീകരിച്ച സംഘടനയുടെ ഉദ്ഘാടനം അരൂക്കുറ്റി ക്ലബ് മഹീന്ദ്ര റിസോർട്ടിൽ മന്ത്രി വി.എൻ. വാസവൻ നിർവഹിച്ചു. കെ.പി. തോമസ് , ടി.പി. ഔസേപ്പ്, ബോക്സർ കെ.സി. ലേഖ തുടങ്ങിയവരെ ചടങ്ങിൽ ആദരിച്ചു.
പുതുതലമുറ താരങ്ങളെ കണ്ടെത്തി അവർക്ക് പരിശീലനം നൽകാനും പഴയകാല താരങ്ങളെ സഹായിക്കാനും പുതിയ കൂട്ടായ്മയ്ക്ക് കഴിയുമെന്ന് ഉദ്ഘാടനം നിർവഹിച്ച മന്ത്രി വി.എൻ. വാസവൻ പറഞ്ഞു. മുൻകാല ഫുട്‌ബോൾ താരങ്ങൾക്കായി രൂപീകരിച്ച സഹകരണസംഘത്തെ മാതൃകയാക്കിയാൽ അതു കൂടുതൽ ഗുണംചെയ്യും. സർക്കാർ തലത്തിൽ സംഘടനയുമായി ബന്ധപ്പെട്ട് സഹായം നല്കുവാനും ഇതുവഴി കഴിയുമെന്നും മന്ത്രി പറഞ്ഞു. 55 ലേറെ കായികാധ്യാപകരെ ആദരിച്ചു. മേഴ്സിക്കുട്ടനും, ഷൈനി വിൽസണും, പി.ആർ ശ്രീജേഷും തങ്ങളുടെ ഒളിമ്പിക്സ് അനുഭവങ്ങൾ ചടങ്ങിൽ പങ്കുവച്ചു. ഒളിമ്പ്യൻമാരായ ചിത്ര കെ.സോമൻ, മഞ്ചിമ കുര്യാക്കോസ്, പ്രീജ ശ്രീധരൻ, റോസക്കുട്ടി, മയൂഖ ജോണി, സിനി ജോസ് തുടങ്ങിയവരും പങ്കെടുത്തു.
ഒളിമ്പിക്സിൽ പങ്കെടുത്ത തിരുവനന്തപുരം സ്വദേശി അലക്സ് ആന്റണിയെ അശ്വാ സ്‌പോട്സ് ക്ലബിന്റെ ചെയർമാൻ എ.പി.സെബാസ്റ്റ്യൻ, പ്രസിഡന്റ് റോയി വർഗീസ്, വൈസ് പ്രസിഡന്റ് ജെയിംസ് ഇടക്കാട്ടുകുടി എന്നിവർ ചേർന്ന് 25000 രൂപയുടെ ക്യാഷ് അവാർഡ് നൽകി ആദരിച്ചു.
ട്രാക്ക് ആൻഡ് ഫീൽഡിനങ്ങളിൽ കേരളത്തെ പ്രതിനിധീകരിച്ചവരുടെ ഏറ്റവും വലിയ കൂട്ടായ്മയാണ് സ്‌പോർട്സ് ഈസ് മൈ ലൈഫ് അത്ലറ്റിക് വെൽഫെയർ അസോസിയേഷൻ.റോയ് വർഗീസാണ് സംഘടനയുടെ രക്ഷാധികാരി. പ്രീജ ശ്രീധരൻ, പി. അനിൽകുമാർ, രഞ്ജിത്ത് മഹേശ്വരി, വി.വി.ജീഷ്‌കുമാർ, രാജാസ് തോമസ് തുടങ്ങിയവരും സംഘടനയുടെ നേതൃനിരയിലുണ്ട്.