മാവേലിക്കര : സത്യമാണ് ഏറ്റവും വലിയ ദൈവമെന്ന ഗാന്ധിയൻ കാഴ്ചപ്പാട് പിന്തുടരണമെന്ന് മന്ത്രി സജി ചെറിയാൻ പറഞ്ഞു. അന്ധവിശ്വാസവും അനാചാരങ്ങളും വലിച്ചെറിയേണ്ട കാലം അതിക്രമിച്ചു. കേരളം പോലുള്ള നാട്ടിൽ ആത്മീയ വ്യവസായം തഴച്ചു വളരുന്നത് അപകടകരമാണെന്നും മന്ത്രി പറഞ്ഞു.
തെക്കേക്കര പഞ്ചായത്തിന്റെ നവീകരിച്ച ഇ.എം.എസ് സാസ്‌കാരിക നിലയത്തിന്റെ ഉദ്ഘാടനവും ഗാന്ധി പ്രതിമ അനാച്ഛാദനവും നിർവ്വഹിക്കുകയായിരുന്നു അദ്ദേഹം. ചടങ്ങിൽ എം.എസ് അരുൺകുമാർ എം.എൽ.എ അധ്യക്ഷനായി. മാവേലിക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഇന്ദിരാ ദാസ്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് മിനി ദേവരാജൻ, പി.അജിത്ത്, ജയശ്രീ ശിവരാമൻ, വി.രാധാകൃഷ്ണൻ, അഡ്വ.ആർ.ശ്രീനാഥ്, ആർ.അജയൻ, ഗിരിജ രാമചന്ദ്രൻ, ജി.അജയകുമാർ, ടി.വിശ്വനാഥൻ, ഷൈലാ ലക്ഷ്മണൻ, എ.കെ സിനി എന്നിവർ സംസാരിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ഡോ.കെ.മോഹൻകുമാർ സ്വാഗതം പറഞ്ഞു.
സാംസ്‌കാരിക നിലയത്തിന്റെ ആദ്യ ലൈബ്രേറിയൻ പി.പ്രഭാകരൻ, ഗാന്ധി പ്രതിമയുടെ ശിൽപി അനിൽ കട്ടച്ചിറ, സാംസ്‌കാരിക നിലയം നവീകരിച്ച തിരുവല്ല സിഡ്‌കോ പ്രതിനിധി, അന്തർ ദേശീയ ഗ്ലോബൽ ഓൺലൈൻ ടാലന്റ് സെർച്ച് മത്സരത്തിൽ നേട്ടം കൊയ്ത കുറത്തികാട് സെന്റ് ജോൺസ് എം.എസ്.സി യു.പി.എസിലെ നിഹാരിക ജെ.ശ്രീജിത്ത് എന്നിവരെ മന്ത്രി അനുമോദിച്ചു.