ചേർത്തല: സി.പി.എം ചേർത്തല ഏരിയ സമ്മേളനം 22,23,24 തീയതികളിൽ പി.കെ. ചന്ദ്രാനന്ദൻ നഗറിൽ (ചേർത്തല മുനിസിപ്പൽ ടൗൺഹാൾ)നടക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. 22ന് വൈകിട്ട് 3ന് രക്തസാക്ഷി ഷിബുവിന്റെ തവണക്കടവിലെ സ്മൃതി മണ്പത്തിൽ നിന്ന് പതാക ജാഥ ആരംഭിക്കും. ചേർത്തല ഏരിയ സെക്രട്ടറി കെ.രാജപ്പൻനായർ ഉദ്ഘാടനം ചെയ്യും. ഏരിയ കമ്മിറ്റി അംഗം പി.എം. പ്രമോദാണ് ജാഥാ ക്യാപ്റ്റൻ. വൈകിട്ട് 5ന് രക്തസാക്ഷി സി.എ.കരുണാകരന്റെ സ്മൃതി മണ്ഡപത്തിൽ നിന്നും കൊടിമര ജാഥയും ആരംഭിക്കും. മുനിസിപ്പൽ ചെയർപേഴ്സൺ ഷേർളി ഭാർഗവൻ ഉദ്ഘാടനം ചെയ്യും. ജില്ലാ കമ്മിറ്റി അംഗം എൻ.ആർ.ബാബുരാജാണ് ജാഥാ ക്യാപ്റ്റൻ.കൊടിമര ജാഥയ്ക്ക് 200 ബൈക്കുകൾ അകമ്പടിയേകും.വൈകിട്ട് 6ന് ഇരു ജാഥകളും കുപ്പിക്കവലയിൽ സംഗമിച്ച് സമ്മേളന നഗറിൽ സ്വാഗതസംഘം ചെയർമാൻ കെ. പ്രസാദ് ഏറ്റുവാങ്ങും. തുടർന്ന് നടക്കുന്ന പൊതുസമ്മേളനം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ഓൺലൈനായി ഉദ്ഘാടനം ചെയ്യും. 23ന് രാവിലെ 11ന് പ്രതിനിധി സമ്മേളനം സംസ്ഥാന കമ്മിറ്റി അംഗം ജി.സുധാകരൻ ഉദ്ഘാടനം ചെയ്യും. സ്വാഗതസംഘം ചെയർമാൻ കെ. പ്രസാദ് സ്വാഗതം പറയും. തുടർന്ന് ഏരിയ സെക്രട്ടറി കെ. രാജപ്പൻനായർ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിക്കും.ഭക്ഷണത്തിന് ശേഷം ഗ്രൂപ്പ് ചർച്ചയും തുടർന്ന് പൊതു ചർച്ചയും നടക്കും. 24ന് രാവിലെ 10ന് പൊതു ചർച്ച,ഉച്ചയ്ക്ക് 2ന് ചർച്ചകൾക്ക് മറുപടി, റിപ്പോർട്ട് അംഗീകരിക്കൽ, പുതിയ ഏരിയ കമ്മിറ്റി തിരഞ്ഞെടുപ്പും ജില്ലാ സമ്മേളന പ്രതിനിധി തിരഞ്ഞെടുപ്പും നടക്കും. ജില്ലാ സെക്രട്ടറി ആർ.നാസർ, മന്ത്രി സജി ചെറിയാൻ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ സി.ബി. ചന്ദ്രബാബു, സി.എസ്. സുജാത,ജില്ലാ നേതാക്കളായ കെ. പ്രസാദ്, ജി.വേണുഗോപാൽ,പി.പി. ചിത്തരഞ്ജൻ,ജി.ഹരിശങ്കർ, മനു സി. പുളിക്കൽ എന്നിവർ അഭിവാദ്യങ്ങൾ അർപ്പിക്കും. സ്വാഗതസംഘം ചെയർമാൻ കെ. പ്രസാദ്, കൺവീനർ കെ. രാജപ്പൻനായർ എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.