ചേർത്തല: കെ.എസ്.ആർ.ടി.സിയിൽ ഇന്ത്യൻ ഓയിൽ കോർപ്പറേഷനുമായി സഹകരിച്ച് ആരംഭിച്ച പെട്രോൾ പമ്പ് നിർമ്മാണം ആരംഭിച്ചത് നഗരസഭയുടെ അനുമതി വാങ്ങാതെയെന്ന് ആക്ഷേപം. എ.ടി.ഒ അനുമതിക്കായി നഗരസഭയിൽ അപേക്ഷ നൽകിയിരുന്നെങ്കിലും അനുബന്ധ രേഖകളില്ലാത്തതിനാൽ പിരിഗണിച്ചില്ല.
ഇതിനിടെയാണ് നഗരസഭയുടെ അനുമതി വാങ്ങാതെ പെട്രോൾ പമ്പ് നിർമ്മാണം ആരംഭിച്ചത്. പെട്രോൾ പമ്പിന്റെ പ്രവർത്തനം മൂലമുണ്ടാകുന്ന കഷ്ടനഷ്ടങ്ങൾക്ക് നഗരസഭ ഉത്തരവാദിയായിരിക്കില്ലെന്ന് കാട്ടി നഗരസഭ കളക്ടർക്കും നഗരകാര്യാ ഡയറക്ടർക്കും ഗവ. സെക്രട്ടറിക്കും തദ്ദേശസ്വയംഭരണ വകുപ്പിനും കത്ത് നൽകി.
സർക്കാരിന്റെ നൂറുദിന കർമ്മ പരിപാടിയിൽ ഉൾപ്പെടുത്തി കെ.എസ്.ആർ.ടി.സിക്ക് വരുമാനം ലക്ഷ്യമിട്ടാണ് പമ്പ് തുടങ്ങിയത്. നിലവിൽ കെ.എസ്.ആർ.ടി.സിയുടെ അപേക്ഷ പരിഗണിക്കണമെങ്കിൽ കളക്ടറിൽ നിന്നുള്ള ഫയർ ആൻഡ് എക്‌സ്‌പ്ലോസീവ് ലൈസൻസ്, ഫയർ എൻ.ഒ.സി, മലിനീകരണ നിയന്ത്റണ ബോർഡിൽ നിന്നുള്ള എൻ.ഒ.സി തുടങ്ങിയ രേഖകളാണ് വേണ്ടത്.