ചേർത്തല: മണ്ണഞ്ചേരിയിൽ എസ്.ഡി.പി.ഐ നേതാവിനെ കൊലപ്പെടുത്തിയ സംഭവത്തിന് മണിക്കൂറുകൾക്കിടെ വയലാറിൽ എസ്.ഡി.പി.ഐ പ്രവർത്തകരുടെ 3 വീടുകൾക്ക് നേരെ ആക്രമണമുണ്ടായി. വയലാർ പഞ്ചായത്ത് 4ാം വാർഡ് മുക്കത്ത് സഹോദരങ്ങളായ അഷ്‌കർ, അസ്‌കർ, ഇത്തിത്തറ മുഹമ്മദ് റാസിക്, അഫ്‌സൽ മൻസിലിൽ മുജീബ് എന്നിവരുടെ വീടുകളുടെ ജനലുകളാണ് അടിച്ചും കല്ലെറിഞ്ഞും തകർത്തത്. ആർക്കും പരിക്കില്ല. അഷ്‌കർ, അസ്‌കർ, എന്നിവർ ആർ.എസ്.എസ് നാഗംകുളങ്ങര ശാഖാ ഗടനായക് വയലാർ പഞ്ചായത്ത് 4ാം വാർഡ് തട്ടാപറമ്പിൽ നന്ദുകൃഷ്ണനെ കൊലപ്പെടുത്തിയ കേസിലെ ഒന്നും രണ്ടും പ്രതികളാണ്. മുഹമ്മദ് റാസിക് നാലാം പ്രതിയാണ്. സംഭവ സമയം മുജീബിന്റെ വീട്ടിൽ മാതാവ് മാത്രമാണ് ഉണ്ടായിരുന്നത്. മറ്റു രണ്ടു വീടും ആളൊളിഞ്ഞുകിടക്കുകയായിരുന്നു. ജനൽച്ചില്ലുകളും വാതിലുകളുമാണ് കല്ലെറിഞ്ഞും അടിച്ചും തകർത്തത്. അഷ്‌കറിന്റെ വീട്ടിലുണ്ടായിരുന്ന ഗുഡ്‌സ് ഓട്ടോയ്ക്കും കേടുപാട് വന്നു. മണ്ണഞ്ചേരിയിലെ കൊലപാതകവും വയലാറിലെ സംഭവവുമായി ബന്ധമുണ്ടോയെന്നു പൊലിസ് അന്വേഷിക്കുന്നുണ്ട്. സി.സി. ടിവി കാമറകൾ അടക്കം പരിശോധിച്ചാണ് അന്വേഷണം.