കായംകുളം : സി.പി.എം കായംകുളം ഏരിയാ സമ്മേളനം കഴിഞ്ഞതോടെ യു. പ്രതിഭയും പാർട്ടിയും വീണ്ടും രണ്ടു തട്ടിലായി. സമ്മേളനത്തിൽ യു. പ്രതിഭ എം.എൽ.എയ്ക്ക് എതിരെ രൂക്ഷ വിമർശനമാണ് ഉയർന്നത്. എം.എൽ.എ ഓഫീസ് മാഫിയകളുടെ സംരക്ഷണ കേന്ദ്രമായി മാറിയതായാണ് ഒരു ആക്ഷേപം. പ്രതിഭയെ കായംകുളം ഏരിയ സമ്മേളനത്തിന്റെ പ്രതിനിധി ആക്കിയിരുന്നില്ല.

കായംകുളം ഏരിയാ കമ്മറ്റിയിലെ ക്ഷണിതാവായിരുന്നുപ്രതിഭ. പ്രതിനിധി സമ്മേളനത്തിൽ പ്രതിഭയ്ക്ക് ക്ഷണം ഉണ്ടായില്ല. എന്നാൽ പ്രത്യേകിച്ച് ക്ഷണിക്കേണ്ട ആവശ്യം ഇല്ലാതിരുന്നിട്ടും പങ്കെടുക്കാതിരുന്നത് ധിക്കാരമായാണ് ഒൗദ്യോഗിക പക്ഷം നിലപാടെടുത്തത്.

ഏരിയ സമ്മേളനത്തിൽ പ്രതിനിധി ആക്കാത്തത് മൂലം ഉദ്ഘാടന സമ്മേളനം കഴിഞ്ഞു പ്രതിഭ മടങ്ങിയിരുന്നു. തകഴി ഏരിയ കമ്മറ്റി അംഗമായിരുന്ന പ്രതിഭയെ കായംകുളം എം.എൽ.എ ആയതിനെ തുടർന്ന് കായംകുളം ഏരിയയിൽ ക്ഷണിതാവായി ഉൾപ്പെടുത്തുകയായിരുന്നു, എന്നാൽ ആകെ ഒരു ഏരിയ കമ്മറ്റിയിൽ മാത്രമേ അവരെ പങ്കെടുപ്പിച്ചിട്ടുള്ളു, അങ്ങനെ ഇരിക്കെയാണ് തന്നെ ഘടകത്തിൽ ഉൾപ്പെടുത്തണമെന്ന് പ്രതിഭ കായംകുളം ഏരിയ കമ്മിറ്റിക്ക് കത്ത് നൽകിയത്. എന്നാൽ ഇപ്പോൾ നടക്കുന്ന ഏരിയ സമ്മേളനത്തിൽ പ്രതിനിധി ആയിട്ട് പോലും ഉൾപ്പെടുത്താതിരുന്നതിനാൽ ഏരിയ സമ്മേളനത്തിൽ പങ്കെടുക്കാൻ ആകാതെ മടങ്ങുകയായിരുന്നു.