ചേർത്തല:ശ്രീനാരായണ കോളേജിലെ നാഷണൽ സർവീസ് സ്‌കീം യൂണിറ്റുകളുടെ ആഭിമുഖ്യത്തിൽ വിദ്യാർത്ഥിനിയ്ക്ക് വീട് നിർമ്മിച്ച് നൽകും .'സ്‌നേഹം കൊണ്ടൊരു വീട് ' എന്ന് പേരിട്ടിരിക്കുന്ന പദ്ധതിയുടെ ഭാഗമായി പണികഴിപ്പിച്ച വീടിന്റെ താക്കോൽ കൈമാറ്റം ഇന്ന് രാവിലെ 10 ന് ശ്രീനാരായണ കോളേജുകളുടെ മാനേജർ വെള്ളാപ്പള്ളി നടേശൻ നിർവഹിക്കും. മഴക്കെടുതിയിൽ മരം മറിഞ്ഞുവീണ് വീട് നഷ്ടമായ,കോളേജിലെ മൂന്നാം വർഷ മലയാളം ബിരുദവിദ്യാർത്ഥിനി കൃഷ്ണ പ്രിയക്കാണ് കോളേജിലെ എൻ.എസ്.എസ്. വോളന്റിയേഴ്‌സും അദ്ധ്യാപകരും ചേർന്ന് സമാഹരിച്ച തുക കൊണ്ട് പുതിയതായി വീട് നിർമ്മിച്ചു നൽകിയത്. ചേർത്തല ആഞ്ഞിലിപ്പാലത്തിനടുത്ത് കൃഷ്ണ പ്രിയയുടെ വീടിന് സമീപം നടക്കുന്ന ചടങ്ങിൽ ചേർത്തല മുനിസിപ്പൽ ചെയർപേഴ്‌സൺ ഷേർളി ഭാർഗവൻ, കേരള യൂണിവേഴ്സിറ്റി എൻ.എസ്.എസ് പ്രോഗ്രാം കോ-ഓർഡിനേറ്റർ ഡോ.എ.ഷാജി എന്നിവർ മുഖ്യ പ്രഭാഷണം നടത്തും.പ്രിൻസിപ്പൽ ഡോ.പി.എൻ.ഷാജി അദ്ധ്യക്ഷത വഹിക്കും.മുനിസിപ്പൽ കൗൺസിലർ ജി. രഞ്ജിത്ത്,മലയാളവിഭാഗം മേധാവി ടി.ആർ. രതീഷ്,സ്റ്റാഫ് അസോസിയേഷൻ സെക്രട്ടറി എം.എസ്.ശ്രീകാന്ത്, കോളേജ് സൂപ്രണ്ട് കെ.പി വേണു എന്നിവർ സംസാരിക്കും.
പ്രോഗ്രാം ഓഫീസർമാരായ ടി.ആർ.സരുൺകുമാർ, ഡോ.രാജേഷ് കുനിയിൽ വോളണ്ടിയർമാരായ അനന്തകൃഷ്ണൻ, ഗൗതമി കൃഷ്ണൻ, അർജുൻ കൃഷ്ണ, നിധിയ ജോൺ എന്നിവർ ഭവനനിർമ്മാണത്തിന് നേതൃത്വം നൽകി.