
ചേർത്തല: ജനകീയ പച്ചക്കറി കൃഷിയിലൂടെ കഞ്ഞിക്കുഴിക്ക് പേരും പെരുമയും നേടിക്കൊടുത്ത പി.പി. സ്വാതന്ത്റ്യത്തിന്റെ സ്മരണാർത്ഥമുള്ള കാർഷിക പുരസ്‌കാരം യുവകർഷക കഞ്ഞിക്കുഴി കളവേലിൽ ആഷാ ഷൈജുവിന്. പതിനായിരം രൂപയും ഫലകവും അടങ്ങുന്ന അവാർഡ് സ്വാതന്ത്റ്യത്തിന്റെ 23-ാം ചരമവാർഷിക ദിനമായ 21ന് സി.പി.എം ജില്ലാ സെക്രട്ടറി ആർ. നാസർ സമ്മാനിക്കും. പത്തു വർഷമായി എല്ലായിനം പച്ചക്കറികളും കൃഷി ചെയ്യുന്ന ആഷ കുടംബശ്രീ എ.ഡി.എസ് സെക്രട്ടറി കൂടിയാണ്. ഭർത്താവ് ഷൈജുവും മകൾ ആഷ്‌നയും സഹായത്തിനുണ്ട്. ഇപ്പോൾ ആറേക്കറിലാണ് കൃഷി. മത്സ്യകൃഷിയും ചെയ്യുന്നു. അടുക്കള തോട്ടത്തിൽ നിന്ന് പച്ചക്കറി കൃഷി തുടങ്ങിയ ആഷ ഇന്ന് മുഴുവൻസമയ കർഷകയാണ്.
ജൈവ വളം ഉപയോഗിച്ചുള്ള കൃഷിയായതിനാൽ ആവശ്യക്കാർ തോട്ടത്തിൽ വന്നുവാങ്ങും. കൂടാതെ പി.ഡി.എസ്, ദേശീയ പാതയോരത്തെ ജൈവപച്ചക്കറി വിൽപ്പന കേന്ദ്രങ്ങളിലും പച്ചക്കറികൾ വിൽക്കുന്നുണ്ട്. ഇതിനകം നിരവധി അവാർഡുകളും തേടിയെത്തി.
ദിവസ വരുമാനം: 5,000 രൂപ