
ആലപ്പുഴ: മണിക്കൂറുകളുടെ വ്യത്യാസത്തിൽ ജില്ലയെ നടുക്കിയ ഇരട്ടക്കൊലപാതകങ്ങൾക്ക് പിന്നിൽ ആസൂത്രിത രാഷ്ട്രീയ ഗൂഢാലോചന നടന്നിട്ടുള്ളതായി സംശയം. മാസങ്ങൾക്ക് മുമ്പ് ചേർത്തല വയലാറിനടുത്ത് ആർ.എസ്.എസ് പ്രവർത്തകൻ നന്ദുകൃഷ്ണ കൊല്ലപ്പെട്ട സംഭവത്തിന്റെ പിന്തുടർച്ചയായിട്ടാണോ മണ്ണഞ്ചേരിയിൽ എസ്.ഡി.പി.ഐ സംസ്ഥാന സെക്രട്ടറി കെ.എസ്. ഷാനിനെ കൊലപ്പെടുത്തിയതെന്ന സംശയമാണ് ബലപ്പെടുന്നത്.
ഈ കൊലപാതകത്തിന്റെ തുടർച്ചയെന്നോണമാണ് ആലപ്പുഴ നഗരമദ്ധ്യത്തിൽ താമസിക്കുന്ന ബി.ജെ.പി ഒ.ബി.സി മോർച്ച സംസ്ഥാന സെക്രട്ടറി അഡ്വ. രൺജിത്ത് ശ്രീനിവാസിനെ കൊലപ്പെടുത്തിയത്. ഇരുകൊലപാതകങ്ങൾക്കും മുന്നൊരുക്കങ്ങൾ നടത്തിയിരുന്നതായാണ് സംശയിക്കുന്നത്. പെട്ടെന്നുണ്ടായ പ്രകോപനവും അന്വേഷിക്കുന്നുണ്ട്. ഷാനിനെ കൊലപ്പെടുത്താനെത്തിയ സംഘം സഞ്ചരിച്ച കാർ തീർത്ഥാടന യാത്രയ്ക്കെന്ന് പറഞ്ഞാണ് വാടകയ്ക്കെടുത്തത്.
ഷാനിന്റെ പതിവ് സഞ്ചാരമടക്കം നിരീക്ഷിച്ച ശേഷമാണ് സംഘം കൃത്യം നടത്തി മിനിറ്റുകൾക്കകം രക്ഷപ്പെട്ടത്. അക്രമിസംഘത്തിന് കാർ വാടയ്ക്കെടുത്ത് നൽകിയവർ പൊലീസ് കസ്റ്റഡിയിലുണ്ട്. സംഭവവുമായി ബന്ധപ്പെട്ട രണ്ടുപേരെ അറസ്റ്റ് ചെയ്തു.
ഷാനിന്റെ കൊലപാതകം നടന്ന് മണിക്കൂറുകൾക്കകം രൺജിത്ത് ശ്രീനിവാസും കൊല്ലപ്പെട്ടു. ഇവിടെയും രൺജിത്ത് പതിവായി രാവിലെ നടക്കാൻ പോകാറുള്ള സമയമടക്കം അക്രമിസംഘം നിരീക്ഷിച്ചിരുന്നു. വാളും ചുറ്റികയും കൊണ്ടായിരുന്നു ആക്രമണം. സഹോദരൻ ഓടിയെത്തിയപ്പോഴേക്കും പന്ത്രണ്ടംഗ അക്രമിസംഘം ബൈക്കുകളിൽ രക്ഷപ്പെട്ടിരുന്നു. ഇവരെ സഹായിക്കാനായി സമീപത്ത് ആംബുലൻസും പാർക്ക് ചെയ്തിരുന്നു.
പൊലീസ് സംശയിക്കുന്നത്?
1. കൊലപ്പെടുത്തേണ്ടവരുടെ ലിസ്റ്റുകൾ മുൻകൂട്ടി തയ്യാറാക്കി നിരീക്ഷണം
2. ഇരു കൊലപാതകങ്ങളും തയ്യാറെടുപ്പുകളോടെ നടത്തി
3. കൃത്യം നിർവഹിച്ച് ഞൊടിയിടയിൽ അക്രമികൾ രക്ഷപ്പെട്ടു
4. രൺജിത്തിന്റെ വീടിന് സമീപം അപരിചിതരായ രണ്ടുപേരെ കണ്ടിരുന്നു
5. ഷാനിനെ കൊലപ്പെടുത്താൻ ഒരു മിനിറ്റ് പോലും തികച്ചെടുത്തില്ല
6. രാഷ്ട്രീയ ഗൂഢാലോചന തള്ളിക്കളയാനാവില്ല
""
ഇരു കൊലപാതകങ്ങളിലും സി.സി ടി.വി ദൃശ്യങ്ങളാണ് നിർണായകമായത്. കസ്റ്റഡിയിലുള്ളവരെ ചോദ്യം ചെയ്ത് വരികയാണ്. കൊലപാതകങ്ങൾ നടത്തിയിരിക്കുന്നത് കൃത്യമായ ആസൂത്രണത്തോടെയാണ്.
അന്വേഷണസംഘം