root

ആലപ്പുഴ: കൊല്ലപ്പെട്ട ബി.ജെ.പി നേതാവ് അഡ്വ. രൺജിത്ത് ശ്രീനിവാസന്റെ വിലാപയാത്ര വലിയഴീക്കലിലേക്ക് പോകുന്ന റൂട്ടിനെ ചൊല്ലി പൊലീസും ബി.ജെ.പി നേതാക്കളും തമ്മിൽ തർക്കം. ക്രമസമാധാന പ്രശ്നം ഉണ്ടാകുമെന്ന് പൊലീസ് അറിയിച്ചപ്പോൾ തങ്ങൾ നിശ്ചയിച്ചിട്ടുള്ള റൂട്ടിലൂടെ വിലാപയാത്ര കടന്നുപോകുമെന്ന് ബി.ജെ.പി നേതാക്കൾ പറഞ്ഞതാണ് തർക്കത്തിന് ഇടയാക്കിയത്.

മൃതദേഹം വിലാപയാത്രയായി ജില്ലാ കോടതി അങ്കണത്തിലെത്തിച്ച് പൊതുദർശനത്തിന് ശേഷം വെള്ളക്കിണറിലുള്ള കുന്നുപറമ്പ് വീട്ടിലെത്തിച്ച് ചടങ്ങുകൾ നടത്തി സംസ്കാരത്തിനായി ആറാട്ടുപുഴ വലിയഴീക്കലിൽ എത്തിക്കാനായിരുന്നു ബി.ജെ.പി നേതൃത്വം റൂട്ട് തയ്യാറാക്കിയത്. ഡാണാപ്പടി - മുതുകുളം റോഡിലൂടെ കാർത്തികപ്പള്ളി ജംഗ്ഷൻ, തൃക്കുന്നപ്പുഴ, ആറാട്ടുപുഴ വഴി വലിയഴീക്കലെത്തുന്നതിന് പകരം കായംകുളം ഒ.എൻ.കെ ജംഗ്ഷനിലൂടെ കൊച്ചിയുടെ ജെട്ടി വഴി വലിയഴീക്കൽ എത്തിക്കണമെന്നാണ് പൊലീസ് നിർദ്ദേശിച്ചത്. ഇത് അംഗീകരിക്കില്ലെന്ന് നേതാക്കൾ വ്യക്തമാക്കി.

അമ്പലപ്പുഴ ഡിവൈ.എസ്.പി എസ്.ഡി. സുരേഷ് കുമാർ, ബി.ജെ.പി നേതാക്കളായ സന്ദീപ് വചസ്പതി, എം.വി. ഗോപകുമാർ, കെ. സോമൻ എന്നിവരുമായി ചർച്ച നടത്തിയെങ്കിലും നിലപാട് മാറ്റിയില്ല. തുടർന്ന് ആശുപത്രിയിലെത്തിയ ജില്ലാ പൊലീസ് മേധാവി ജി. ജയ്ദേവ് നേതാക്കളുമായി നടത്തിയ ചർച്ചയിൽ ബി.ജെ.പി നേതൃത്വം തയ്യാറാക്കിയ റൂട്ടിലൂടെ വിലാപയാത്ര നടത്താൻ അനുമതി നൽകി. കനത്ത പൊലീസ് കാവലിലാണ് മൃതദേഹം വലിയഴീക്കലിൽ എത്തിച്ച് സംസ്കാരം നടത്തിയത്.