car
ഷാനിനെ കൊലപ്പെടുത്താനെത്തിയ അക്രമി സംഘം സഞ്ചരിച്ച കാർ കണിച്ചുകുളങ്ങരയിൽ വഴിയരുകിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ. പൊലീസും ഫോറൻസിക് വിദഗ്ദ്ധരും പരിശോധന നടത്തുന്നു

₹ബി.ജെ.പി ഒ.ബി.സി മോർച്ച നേതാവിനെ വെട്ടിക്കൊലപ്പെടുത്തിയത് 12 അംഗ സംഘം

ആലപ്പുഴ: എസ്.ഡി.പി.ഐ സംസ്ഥാന സെക്രട്ടറി കെ.എസ്. ഷാനിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ ആർ.എസ്. എസ് പ്രവർത്തകരായ മണ്ണഞ്ചേരി കാവച്ചിറയിൽ രാജേന്ദ്രപ്രസാദ് (39), മാരാരിക്കുളം കാട്ടൂർ കുളമാശ്ശിവെളിയിൽ രതീഷ് (കുട്ടൻ -31) എന്നിവരെ പ്രത്യേക അന്വേഷണസംഘം അറസ്‌റ്റു ചെയ്‌തു. കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്തില്ലെങ്കിലും ഇരുവരും ഗൂഢാലോചനയിൽ പങ്കാളികളാണ്. അക്രമിസംഘത്തെ സംഘടിപ്പിച്ചതും വാഹനം തരപ്പെടുത്തി നൽകിയതും രാജേന്ദ്രപ്രസാദാണ്. സ്‌കൂട്ടറിൽ പോകുകയായിരുന്ന ഷാനിനെ അക്രമിസംഘം ഇടിച്ചുവീഴ്‌ത്താൻ വാടകയ്‌ക്കെടുത്ത കാർ ചേർത്തല കണിച്ചുകുളങ്ങര ക്ഷേത്രത്തിന് സമീപം അന്നപ്പുരയിൽ റോഡരികിൽ ഉപേക്ഷിച്ച നിലയിൽ ഇന്നലെ കണ്ടെത്തി. അക്രമി സംഘത്തിലെ പത്തു പേരെയും തിരിച്ചറിഞ്ഞതായി എ.ഡി.ജി.പി വിജയ് സാഖറെ വ്യക്തമാക്കി.

ബി.ജെ.പി ഒ.ബി.സി മോർച്ച സംസ്ഥാന സെക്രട്ടറി അഡ്വ. രൺജിത്ത് ശ്രീനിവാസനെ വെട്ടിക്കൊലപ്പെടുത്തിയത് 12 അംഗ സംഘമാണെന്നും എ.ഡി.ജി.പി വെളിപ്പെടുത്തി. ചിലപ്പോൾ കൂടുതൽ പ്രതികളുണ്ടാകും. അക്രമികൾ ലക്ഷ്യമിട്ടിരുന്നവരുടെ കൂട്ടത്തിൽ രൺജിത്ത് ഉൾപ്പെട്ടിരുന്നില്ല.

. ശനിയാഴ്ച രാത്രി ഏഴരയ്‌ക്ക് മണ്ണഞ്ചേരി സ്കൂൾ കവലയ്‌ക്ക് കിഴക്ക് കപ്പേഴം ജംഗ്‌ഷന് സമീപം വച്ചാണ് ഷാനിനെ കൊലപ്പെടുത്തിയത്. ഇതിന് തിരിച്ചടിയെന്നോണം ഞായറാഴ്ച രാവിലെ ഏഴു മണിയോടെ ആലപ്പുഴ വെള്ളക്കിണറിലുള്ള വീട്ടിലിട്ടാണ് രൺജിത്തിനെ അക്രമിസംഘം കൊലപ്പെടുത്തിയത്. രൺജിത്തിന്റെ സംസ്കാരം ഇന്നലെ വൈകിട്ടോടെ ആറാട്ടുപുഴ വലിയഴീക്കലുള്ള തറവാട്ടുവീട്ടിൽ നടന്നു. ആലപ്പുഴ മെഡിക്കൽ കോളേജാശുപത്രിയിൽ പോസ്‌റ്റുമോർട്ടത്തിനു ശേഷം ഇന്നലെ രാവിലെ പത്തു മണിയോടെ വിലാപയാത്രയായി എത്തിച്ച മൃതദേഹം ആലപ്പുഴ ബാർ അസോസിയേഷൻ ഹാളിൽ പൊതുദശനത്തിന് വച്ചു. പിന്നീട് വെള്ളക്കിണറിലെ വീട്ടിലുമെത്തിച്ചു. കേന്ദ്രമന്ത്രി നിത്യാനന്ദ റായ്, ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ, നേതാക്കളായ പി.കെ. കൃഷ്‌ണദാസ്, ശോഭ സുരേന്ദ്രൻ,എ.എൻ. രാധാകൃഷ്‌ണൻ തുടങ്ങി നിരവധി പേർ അന്ത്യോപചാരമർപ്പിച്ചു. ഷാനിന്റെ സംസ്കാരം ഞായറാഴ്ച നടന്നിരുന്നു.

സർവ്വകക്ഷി യോഗം

ഇന്നത്തേക്ക് മാറ്റി

ജില്ലയിൽ സമാധാനാന്തരീക്ഷം ഉറപ്പാക്കാനായി കളക്ടർ ഇന്നലെ വിളിച്ചിരുന്ന സർവ്വകക്ഷി യോഗം ഇന്ന് വൈകിട്ട് നാലിന് നടക്കും. രൺജിത്തിന്റെ സംസ്കാരം നടക്കുന്നതിനാൽ ഇന്നലത്തെ യോഗത്തിൽ പങ്കെടുക്കാനാവില്ലെന്ന് ബി.ജെ.പി നേതാക്കൾ അറിയിച്ചതോടെയാണിത്.