ആലപ്പുഴ: മുല്ലയ്ക്കൽ ചിറപ്പിനോടനുബന്ധിച്ച് ഇത്തവണ വഴിയോര കച്ചവടം അനുവദിച്ചിട്ടില്ലെങ്കിലും അന്യസംസ്ഥാനക്കാരായ കച്ചവടക്കാർ കൂട്ടത്തോടെയെത്തുന്നത് അധികൃതർക്ക് തലവേദനയാകുന്നു.

വഴിയോര കച്ചവട കേന്ദ്രങ്ങൾ ഇല്ലെന്ന് ഉറപ്പുവരുത്താനുള്ള ചുമതല നഗരസഭാ സെക്രട്ടറി, പൊതുമരാമത്ത് എക്‌സിക്യൂട്ടീവ് എൻജിനിയർ എന്നിവർക്കാണ്.

പൊലീസിന്റെ സഹായത്തോടെ ദിവസവും അന്യസംസ്ഥാന കച്ചവടക്കാരെ ഒഴിപ്പിക്കുന്നുണ്ടെങ്കിലും അവർ അടുത്ത ദിവസം വീണ്ടുമെത്തും. മുല്ലയ്ക്കൽ ക്ഷേത്രം മുതൽ ജില്ലാ കോടതി വരെയാണ് കച്ചവടക്കാർ നിരന്നിരിക്കുന്നത്. കമ്മൽ, ബലൂൺ,കുങ്കുമം എന്നിവ വിൽക്കുന്നവരാണ് രാജസ്ഥാനിൽ നിന്ന് എത്തിയിട്ടുള്ളത്. പൊതു നിരത്തിൽ കൈക്കുഞ്ഞുങ്ങളുമായാണ് ഇവരിൽ പലരും കച്ചവടത്തിന് വന്നിരിക്കുന്നത്. കേരളത്തിൽ ഒമിക്രോണിനെതിരെ അതീവ ജാഗ്രത പുലർത്തണമെന്നുള്ള ആരോഗ്യവകുപ്പിന്റെ മുന്നറിയിപ്പ് മറികടന്നാണ് മുല്ലയ്ക്കലിലെ വഴിയോര കച്ചവടം. അന്യസംസ്ഥാനക്കാരായ കച്ചവടക്കാർ ശരിയായ രീതിയിൽ മാസ്ക് ധരിക്കാറു പോലുമില്ല.

അലങ്കാര ഗോപുരങ്ങളില്ല

മുല്ലയ്ക്കൽ തെരുവിൽ തോരണങ്ങളും വൈദ്യുതാലങ്കാരവും ഉണ്ടെങ്കിലും ഇത്തവണ അലങ്കാര ഗോപുരങ്ങൾ നിർമ്മിച്ചിട്ടില്ല. എല്ലാവർഷത്തെയും പോലെ വ്യക്തികളുടെയും സംഘടനകളുടേയും സ്ഥാപനങ്ങളുടേയും നേതൃത്വത്തിലാണ് ഓരോ ദിവസങ്ങളിൽ ചിറപ്പ് നടത്തുന്നത് . മുല്ലയ്ക്കൽ ക്ഷേത്രത്തിൽ 11 ദിവസവും രാവിലെ 8.30 ന് കാഴ്ചശ്രീബലി, 11.30 ന് കളഭാഭിഷേകം, വൈകിട്ട് 5ന് കാഴ്ചശ്രീബലി, ദീപാരാധന, അത്താഴ പൂജ, രാത്രി 9 ന് എതിരേൽപ്പ്, എഴുന്നുള്ളത്ത്, തീയാട്ട് എന്നിവ ഉണ്ടാകും. കിടങ്ങാംപറമ്പ് ക്ഷേത്രത്തിൽ ഉത്സത്തോടനുബന്ധിച്ച് എല്ലാദിവസവും ക്ഷേത്രകലകൾ അരങ്ങേറുന്നുണ്ട്. ചിറപ്പ് തീരുന്ന 26 വരെ മുല്ലയ്ക്കൽ, കിടങ്ങാം പറമ്പ് ക്ഷേത്ര പരിസരങ്ങളിൽ കർശന പൊലീസ് നിരീക്ഷണമുണ്ടാകും.