renjith

ആലപ്പുഴ: 'ഒരിക്കലും എന്നെ കരയിപ്പിച്ചിട്ടില്ല. എന്നിട്ടും ഇന്നീ അൾക്കൂട്ടത്തിന് മുന്നിൽ ഞാൻ കരഞ്ഞുപോവുകയാണ്. എന്നോട് ക്ഷമിക്കണേ ഏട്ടാ..." ആലപ്പുഴ വെള്ളക്കിണർ ജംഗ്ഷന് സമീപത്തെ വീട്ടിലെത്തിച്ച രൺജിത്ത് ശ്രീനിവാസന്റെ മൃതദേഹത്തിന് മുന്നിൽ ഭാര്യ ലിഷ നെഞ്ചുപൊട്ടി നിലവിളിച്ചപ്പോൾ ആശ്വസിപ്പിക്കാനെത്തിയവരുടെ കണ്ണുകളും ഈറനണിഞ്ഞു. പോസ്റ്റ്മോർട്ടത്തിനു ശേഷം രാവിലെ 10ന് സഹോദരൻ അഭിജിത്തും ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രനും ദേശീയ സമിതി അംഗം പി.കെ. കൃഷ്ണദാസും ചേർന്ന് ഏറ്റുവാങ്ങിയ മൃതദേഹം വിലാപയാത്രയായി ആലപ്പുഴ ബാർ അസോസിയേഷനിലാണ് ആദ്യമെത്തിച്ചത്. അഭിഭാഷകരും പൗരപ്രമുഖരും നാട്ടുകാരുമടക്കം ആയിരക്കണക്കിനാളുകൾ അവിടെ ആദരാഞ്ജലിയർപ്പിച്ചു.

മൃതദേഹം 12.30ന് വെള്ളക്കിണർ ജംഗ്ഷന് സമീപം എം.ഒ വാർഡിലെ കുന്നുപറമ്പ് വീട്ടിലെത്തിച്ചു. രൺജിത്തിന്റെ ചേതനയറ്റ ശരീരം കണ്ട അമ്മ വിനോദിനിയും മക്കളായ ഭാഗ്യയും ഹൃദ്യയും അലമുറയിട്ടു കരഞ്ഞു. തൊട്ടടുത്തുണ്ടായിരുന്നിട്ടും സഹോദരനെ രക്ഷിക്കാനാകാത്തതിന്റെ നിസഹായതയിലായിരുന്നു അഭിജിത്ത്.

കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ റായി, ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ, എ.എൻ. രാധാകൃഷ്ണൻ, സന്ദീപ് വചസ്‌പതി, കെ. സോമൻ, വെള്ളിയാകുളം പരമേശ്വരൻ തുടങ്ങിയവർ വീട്ടിലെത്തി ആദരാഞ്ജലി അർപ്പിച്ചു. ഉച്ചയ്‌ക്ക് 1.30ന് മൃതദേഹവുമായുള്ള വിലാപയാത്ര ആറാട്ടുപുഴ വലിയഴീക്കലിലെ തറവാട്ട് വീട്ടിലേക്ക് നൂറുകണക്കിന് വാഹനങ്ങളുടെ അകമ്പടിയോടെ പുറപ്പെട്ടു.

കുടുംബവീട്ടിലും നൂറുകണക്കിന് പേരാണ് അന്ത്യപ്രണാമം നൽകാനെത്തിയത്. അവിടെയും ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും കൂട്ടനിലവിളി ഉയർന്നു. വൈകിട്ട് അഞ്ചോടെ മക്കളായ ഭാഗ്യയും ഹൃദ്യയും അന്ത്യകർമ്മം നടത്തി. തുടർന്ന് സഹോദരൻ അഭിജിത്ത് ചിതയ്ക്ക് തീ കൊളുത്തി. ബി.ജെ.പി ഒ.ബി.സി മോർച്ച സംസ്ഥാന സെക്രട്ടറിയായ രൺജിത്ത് ശ്രീനിവാസനെ ഞായറാഴ്ച രാവിലെ ഏഴിനാണ് അക്രമികൾ വീടുകയറി വെട്ടിക്കൊന്നത്.