
ആലപ്പുഴ: ഞായറാഴ്ചയുടെ അവധി ആലസ്യത്തിൽ നിന്ന് ഉണർന്നുവരവേയാണ് തീർത്താൽ തീരാത്ത ദുഃഖം എം.ഒ വാർഡിലെ കുന്നുപറമ്പ് വീടിനെ തേടിയെത്തിയത്. ധനുമാസത്തിലെ തിരുവാതിര നോമ്പുനോറ്റ് ഭർത്താക്കന്മാരുടെ ആയുരാരോഗ്യത്തിന് സുമംഗലികൾ വ്രതം നോൽക്കുന്ന അതേദിവസം 16 വർഷം നീണ്ട തങ്ങളുടെ ദാമ്പത്യത്തിന് അന്ത്യം കുറിക്കുകയാണെന്ന് അഡ്വ. ലിഷ രൺജിത്ത് അറിഞ്ഞിരുന്നില്ല.
പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം ഇന്നലെ ഉച്ചയ്ക്ക് 12.30 ഓടെയാണ് അമ്മയ്ക്കും ഭാര്യക്കും മക്കൾക്കും അടുത്തേക്ക് രൺജിത്തിന്റെ മൃതദേഹം എത്തിച്ചത്. വീട്ടിലേക്കുള്ള വിസ്താരം കുറഞ്ഞ വഴിയിൽ ഇപ്പോഴും ചോരപ്പാടുകൾ തെളിഞ്ഞുകിടപ്പുണ്ട്. ഞായറാഴ്ച രാവിലെ അക്രമികൾ അതിക്രമിച്ച കയറിയ അതേ വീട്ടുമുറ്റത്തേക്ക് രൺജിത്ത് അവസാനമായെത്തിയപ്പോൾ കണ്ടുനിന്നവരുടെയും ദുഃഖം അണപൊട്ടി. ഇന്നലെവരെ ഒപ്പമുണ്ടായിരുന്ന മുഖം വെട്ടേറ്റ് വികൃതമാക്കപ്പെട്ടതിനാൽ പ്ലാസ്റ്റിക് കവറിന്റെ ആവരണത്തോടെയാണ് അവസാനമായി കാണാനായത്.
ആഗ്രഹങ്ങൾ ബാക്കിയാക്കി മടക്കം
മകളുടെ നൃത്ത അരങ്ങേറ്റം നടത്താനുള്ള തയ്യാറെടുപ്പുകൾക്കിടെയാണ് രൺജിത്തിന്റെ ആക്സ്മിക വേർപാട്. അരങ്ങേറ്റത്തിന് അണിയേണ്ട വസ്ത്രങ്ങളും ആഭരണങ്ങളും തിരഞ്ഞെടുക്കുന്നതിനുള്ള ഫോട്ടോകൾ രൺജിത്തിനെ കാണിക്കാനായി തയ്യാറാക്കി വച്ചിരിക്കുകയായിരുന്നു ഭാര്യ ലിഷ.
മരിക്കുമ്പോൾ ആർ.എസ്.എസ് ഗണവേഷത്തിൽ യാത്രയാകണമെന്നായിരുന്നു ആഗ്രഹം. സ്വയം സേവകനായി ജീവിക്കും, സ്വയം സേവകനായി തന്നെ മരിക്കുമെന്നായിരുന്നു ഇടയ്ക്കിടെ പറഞ്ഞിരുന്നത്. എന്നിട്ടും വെട്ടേറ്റ് നുറുക്കപ്പെട്ട ശരീരത്തിൽ ഗണവേഷം അണിയിക്കാൻ സാധിച്ചില്ല. ക്രിസ്മസ് ദിനത്തിൽ ശബരിമലയിൽ തൊഴാൻ പോകാനിരിക്കുകയായിരുന്നു. മരിക്കുന്നതിന് തലേദിവസവും രാത്രി രണ്ടുമണിവരെ തനിക്കൊപ്പമിരുന്ന് വർത്തമാനം പറഞ്ഞിരുന്നതായി ലിഷ വിങ്ങലോടെ ഓർക്കുന്നു.
എന്നെ എന്തിന് വിധവയാക്കി
ഈ പാവത്തെ കൊന്നിട്ട് അവരെന്തു നേടി ദൈവമേ? ഞാനീ പറക്കമുറ്റാത്ത മക്കളെയും കൊണ്ട് എന്തു ചെയ്യും. കുഞ്ഞിന്റെ അരങ്ങേറ്റം നടത്തണ്ടേ, ഒറ്റയ്ക്ക് എനിക്കൊരു ശക്തിയുമില്ല. ഞാനിനി കോടതിയിൽ പോകില്ല. എന്നെക്കൊണ്ട് വയ്യ. മക്കൾ ഉച്ചത്തിൽ വിളിച്ചിട്ടും ഉണരാത്തതെന്താണ്. ഇനി ഞാനെന്തു ചെയ്യണമെന്ന് പറഞ്ഞിട്ട് പോ... ഭാര്യ ലിഷയുടെ മനസിലെ ദുഃഖം വാക്കുകളായി അണപൊട്ടിയപ്പോൾ കണ്ടുനിന്നവരും വിതുമ്പി. എനിക്ക് രാഷ്ട്രീയക്കാരെ പേടിയാണ്. ആ പേടി കൊണ്ട് ഞാനെപ്പോഴും ഏട്ടനെ ചേർത്തുനിറുത്തും. എന്നിട്ടും എന്റെ കൺമുന്നിലിട്ട് അവർ.... ഞാൻ ഷർട്ടിൽ നിന്ന് പിടിവിടാതെ എപ്പോഴും ചേർത്തുനിറുത്തുമെന്ന് കഴിഞ്ഞ ദിവസവും കളിയാക്കിയില്ലേ എന്ന ചോദ്യത്തിന് മുന്നിൽ അഡ്വ പി.പി. ബൈജു പൊട്ടിക്കരഞ്ഞുപോയി. അച്ഛന്റെ അപ്രതീക്ഷിത വേർപാടിന്റെ നടുക്കത്തിലാണ് മക്കൾ.