
അമ്പലപ്പുഴ: കഴിഞ്ഞ രണ്ടുദിവസമായി വീണ്ടും താറാവുകൾ കൂട്ടമായി ചാകുന്നു. വണ്ടാനം കിഴക്ക് മുക്കയിലാണ് 600 ലധികം താറാവുകൾ ചത്തത്. പക്ഷിപ്പനിയാണെന്നാണ് സംശയം. കണ്ണിന് നീല നിറം ബാധിച്ച് വട്ടം കറങ്ങി താറാവുകൾ കുഴഞ്ഞുവീണ് ചാവുകയാണ്. ക്രിസ്മസ് വിപണി ലക്ഷ്യം വച്ച് വളർത്തിയ 70 മുതൽ 85 ദിവസം വരെ പ്രായമായ താറാവുകളാണ് ചത്തത്. ചത്ത താറാവുകളുടെയും രോഗ ലക്ഷണളുള്ളവയുടെയും സാമ്പിളുകൾ മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥരെത്തി ശേഖരിച്ച് തിരുവല്ല മഞ്ഞാടിയിലെ ലാബിൽ പരിശോധനയ്ക്ക് അയച്ചു.