valam

ആലപ്പുഴ: പുഞ്ചകൃഷി ആരംഭിച്ചതോടെ രാസവള ലഭ്യത കുറയുകയും വില വർദ്ധിക്കുകയും ചെയ്തതോടെ കർഷകർ പ്രതിസന്ധിയിൽ. സ്വകാര്യ കമ്പനികൾക്കുമേലുള്ള വിലനിയന്ത്രണം ഒഴിവാക്കിയതാണ് വില വർദ്ധിക്കാൻ കാരണമായത്. കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും വലിയ നഷ്ടം നേരിട്ട കർഷകരെയാണിപ്പോൾ വിലവർദ്ധനവ് പിഴിയുന്നത്.

വളപ്രയോഗം നടത്തേണ്ട സമയത്താണ് വിലവർദ്ധന ഉണ്ടായിരിക്കുന്നത്.

പച്ചക്കറി, വാഴകൃഷികൾക്ക് ഉപയോഗിക്കുന്ന എല്ലുപൊടിക്കും വേപ്പിൻ പിണ്ണാക്കിനും വില വർദ്ധിച്ചു. ഇതും കർഷകർക്ക് തിരിച്ചടിയായി. യൂറിയായ്ക്ക് മാത്രമാണ് നിലവിൽ വിലക്കുറവുള്ളത്. യൂറിയായ്ക്ക് പ്രിന്റഡ് വില 265 രൂപയാണ്. ഇതേ വിലയ്ക്കാണ് ചെറുകിട കച്ചവടക്കാർക്ക് നൽകുന്നത്. അതിനാൽ വിലകൂട്ടി വിൽക്കേണ്ടിവരുന്നതായി വ്യാപാരികൾ പറയുന്നു.

തമിഴ്നാട്, ആന്ധ്രാപ്രദേശ്, കർണാടക എന്നിവിടങ്ങളിൽ നാനോ ടെക്‌നോളജി പ്രയോജനപ്പെടുത്തി ശാസ്ത്രീയ വളപ്രയോഗമാണ് നടത്തുന്നത്. അതിനാൽ വളം കുറച്ചേ ആവശ്യമായി വരൂ. എന്നാൽ കേരളത്തിൽ നാനോ കൃഷിരീതി തുടങ്ങിയിട്ടുപോലുമില്ല.

കർഷകരുടെ പോക്കറ്റ് ചോർത്തി പ്രതിസന്ധി

1. നെല്ല്, പച്ചക്കറി തുടങ്ങി എല്ലാവിധ കൃഷികൾക്കും പൊട്ടാഷ് ആവശ്യമാണ്

2. പൊട്ടാഷ് കൂടുതലും ഇറക്കുമതി ചെയ്യുകയാണ്

3. മിശ്രിതവളങ്ങളുടെ (എൻ.പി.കെ) വിലയും വർദ്ധിച്ചു

4. ഇവയുടെ ലഭ്യതക്കുറവ് പ്രതിസന്ധി സൃഷ്ടിക്കുന്നു

5. പൊട്ടാഷിന് ഒറ്റയടിക്ക് 700 രൂപയാണ് വർദ്ധിച്ചത്

6. കിലോഗ്രാമിന് 20 രൂപയായിരുന്ന ചില്ലറ വിൽപ്പനവില 35 രൂപയിലേക്ക് ഉയർന്നു

7. ഈവർഷം ഏപ്രിലിൽ പൊട്ടാഷ് വില 850 രൂപയായിരുന്നു

8. ഉണങ്ങിയ ചാണകത്തിന്റെ വിലയിലും വർദ്ധനയുണ്ടായി

വിലക്കയറ്റം (പഴയത്, പുതിയത്)

പൊട്ടാഷ് ₹ 1010 - 1710 (50 കിലോ)

ഫാക്ടംഫോസ് ₹ 1035 - 1390

മിശ്രവളം ₹ 940 - 1200 (45 കിലോ)

പുഞ്ചകൃഷി,​ ഒന്നും രണ്ടും വളപ്രയോഗം ഏക്കറിന്

യൂറിയ: 7 കിലോ

പൊട്ടാഷ്: 10 കിലോ

ഫാക്ടംഫോസ്: 45 കിലോ

മൂന്നാം വളം

യൂറിയ: 26 കിലോ

പൊട്ടാഷ്: 10 കിലോ

''''

മഴക്കെടുതിയിൽ കർഷകർ ദുരിതത്തിലാണ്. ഇതിനിടെ വളത്തിന്റെ വില വർദ്ധിച്ചത് പ്രതിസന്ധി സൃഷ്ടിക്കുന്നു. ഫാക്ടംഫോസിന് ക്ഷാമമില്ലെങ്കിലും വില വർദ്ധിച്ചു. വിപണിയിൽ അടിയന്തര ഇടപെടൽ വേണം.

സുനിൽ, കർഷകൻ