ആലപ്പുഴ : കനാൽ നവീകരണം പൂർത്തിയാകുന്നതോടെ ശാപമോക്ഷം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ആലപ്പുഴ ബീച്ചിന് സമീപത്തെ സീ വ്യൂ പാർക്ക്. വർഷങ്ങളായി പ്രവർത്തനര ഹിതമായി നാശാവസ്ഥയിലാണ് പാർക്ക്. ജില്ലാടൂറിസം പ്രൊമോഷൻ കൗൺസിലിന്റെ കീഴിൽ പ്രവർത്തിക്കുന്ന കനാൽ മാനേജ്‌മെന്റ് സൊസൈറ്റിയുടെ കീഴിലാണ് സീ വ്യു പാർക്ക്.
സഞ്ചാരികളെയും വിശ്രമിക്കാനെത്തുന്നവരെയും പാർക്കിൽ ഇപ്പോൾ കാത്തിരിക്കുന്നത് പ്രവർത്തനരഹിതമായ ബോട്ടുകളും ഇഴജന്തുക്കളുമാണ്. ഇവിടെയുണ്ടായിരുന്ന പെഡൽ ബോട്ടുകളും മറ്റ് സൗകര്യങ്ങളും അറ്റകുറ്റപ്പണി നടത്താതെ നശിച്ചു.
ബീച്ചിൽ വിശ്രമിക്കാനെത്തുന്നവർക്ക് കുറഞ്ഞ ചെലവിൽ പെഡൽബോട്ട് യാത്രയുൾപ്പെടെ ഒരുക്കിയിരുന്ന പാർക്കിൽ മുൻപ് സന്ദർശകരുടെ വലിയ തിരക്കുണ്ടായിരുന്നു. വർഷങ്ങൾക്ക് മുമ്പ് പാർക്കിന്റെ നടത്തിപ്പിന് സ്വകാര്യ വ്യക്തിക്ക് കരാർ നൽകി. എന്നാൽ, നടത്തിപ്പിലെ അപാകതയാണ് പാർക്കിന്റെ പ്രവർത്തനങ്ങൾക്ക് വലിയ തിരിച്ചടിയായത്.പെഡൽബോട്ടുകളും മറ്റ് സംവിധാനങ്ങളും നശിച്ചതോടെ കരാറുകാരനെ നടത്തിപ്പിൽ നിന്ന് ഒഴിവാക്കി. ഇതേത്തുടർന്ന് വർഷങ്ങളായി പ്രദേശം കാടുപിടിച്ചുകിടക്കുകയാണ്. സീ വ്യൂ പാർക്ക്പ്രവർത്തന രഹിതമായതോടെ കനാൽ മാനേജ്‌മെന്റ് സൊസൈറ്റിക്ക് വലിയ ഒരു വരുമാനമാർഗവും അടഞ്ഞു.
സീ വ്യൂ പാർക്കിന്റെ കാലദോഷം
1.കനാലിൽ നിറഞ്ഞ പോള നീക്കം ചെയ്തില്ല
2.പെഡൽ ബോട്ടുകൾക്ക് അറ്റകുറ്റപ്പണി നടത്തിയില്ല
3.പാർക്കും പരിസരവും കാടുപിടിച്ചു കിടക്കുന്നു
4.വർഷങ്ങളായി പാർക്ക് പ്രവർത്തന രഹിതം
'' കനാൽ നവീകരണം പൂർത്തിയായാൽ ഉടൻ കനാൽവ്യൂ പാർക്കിന്റെ നിർമ്മാണ പ്രവർത്തനം തുടങ്ങും. പെഡൽ ബോട്ട് സർവീസും പുനരാരംഭിക്കും. പാർക്ക് നവീകരിക്കുന്നതിനും കാടുപിടിച്ചുകിടക്കുന്ന പ്രദേശം വൃത്തിയാക്കുന്നതിനും പൈതൃക പദ്ധതിയിൽ ഉൾപ്പെടുത്തി കിഫ്ബിയുടെ സഹായത്തോടെ നടപടി ആരംഭിച്ചിട്ടുണ്ട്.
(ഡി.ടി.പി.സി അധികൃതർ )