
അമ്പലപ്പുഴ: ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എക്കോ,എക്‌സ് റേ തുടങ്ങിയ പരിശോധനകൾക്കെത്തുന്ന രോഗികൾ നിൽക്കാനും ഇരിക്കാനും ഇടമില്ലാതെ വലയുന്നു. അത്യാഹിത വിഭാഗത്തിനടുത്തെ ഇടനാഴിക്കു സമീപമാണ് പരിശോധനാ കേന്ദ്രങ്ങൾ. ഇവിടെ കസേരയോ മറ്റു സൗകര്യങ്ങളോ ഒരുക്കിയിട്ടില്ല.
അത്യാഹിത വിഭാഗത്തിൽ നിന്ന് രോഗികളെ സ്ട്രച്ചറിലും വീൽച്ചെയറിലും കൊണ്ടു പോകുന്നതും ഈ ഇടനാഴിയിലൂടെയാണ്. രോഗികളെ കൊണ്ടു പോകുന്ന സമയത്ത്, പരിശോധനക്കെത്തുന്നവർ നിൽക്കുന്നിടത്തു നിന്ന് മാറി നിൽക്കേണ്ടി വരും. നിരവധി മുറികളും വിശാലമായ സൗകര്യങ്ങളുമുള്ള ആശുപത്രിയിൽ രോഗികളെ കഷ്ടപ്പെടുത്തുന്ന രീതിയിൽ എക്‌സ് റേ, എക്കോ പരിശോധനാ സൗകര്യങ്ങൾ ഒരുക്കിയതിനെതിരെ പ്രതിഷേധം ശക്തമാണ്.
രാവിലെ 8 മുതൽ എത്തുന്നവരെ 11 മണിയാകുമ്പോഴാണ് പരിശോധനയ്ക്ക് വിധേയമാക്കുന്നതെന്നും രോഗികൾ പറയുന്നു. മണിക്കൂറുകളോളം നിന്ന് തളരുമ്പോൾ നിലത്ത് ഇരിക്കുകയേ മാർഗമുള്ളൂ. കൂടുതൽ സൗകര്യമുള്ള മറ്റൊരു ഭാഗത്തേക്ക് ഈ പരിശോധനാ വിഭാഗങ്ങൾ മാറ്റണമെന്നാണ് ആവശ്യം.