ആലപ്പുഴ: സപ്ലൈകോയുടെ ക്രിസ്മസ്-പുതുവത്സര ജില്ലാ ഫെയറിന് ജില്ലാ കോടതി പാലത്തിനു സമീപമുള്ള പുന്നപ്ര വയലാർ സ്മാരക ഹാളിൽ തുടക്കമായി. എച്ച് സലാം എം.എൽ.എ മേള ഉദ്ഘാടനം ചെയ്തു. വിലക്കയറ്റം നിയന്ത്രിക്കാൻ സപ്ലൈകോ വിപണിയിൽ നടത്തുന്ന ഇടപെടൽ ജനങ്ങൾക്ക് ഗുണകരമാണെന്ന് അദ്ദേഹം പറഞ്ഞു. ആലപ്പുഴ നഗരസഭാ ചെയർപേഴ്‌സൺ സൗമ്യ രാജ് അദ്ധ്യക്ഷത വഹിച്ചു.

സപ്ലൈകോ മാനേജിംഗ് ഡയറക്ടർ ഡോ. സഞ്ജീബ് കുമാർ പട്ജോഷി ആദ്യവില്പന നിർവഹിച്ചു. ഹോർട്ടി കോർപ്പിന്റെ പച്ചക്കറിയുടെ ആദ്യ വിൽപ്പന മുനിസിപ്പൽ കൗൺസിലർ എം.ജി. സതീദേവി നിർവഹിച്ചു. ക്രിസ്മസ് -പുതുവത്സര മേളയിൽ സപ്ലൈകോ ഉത്പന്നങ്ങൾ വാങ്ങുന്നവരിൽ ഒരു സ്ത്രീക്കും പുരുഷനും സംസ്ഥാന തലത്തിൽ 5000 രൂപ വീതം കാഷ് പ്രൈസ് നൽകും. 2022 ജനുവരി അഞ്ചുവരെ മാവേലി സ്റ്റോർ, മൊബൈൽ മാവേലി, അപ്ന ബസാർ, സൂപ്പർ സ്റ്റോർ, സൂപ്പർ മാർക്കറ്റ്, പീപ്പിൾസ് ബസാർ, ഹൈപ്പർ മാർക്കറ്റ് എന്നിവിടങ്ങളിൽനിന്ന് സാധനങ്ങൾ വാങ്ങുന്നവർ ബിൽ നമ്പർ സഹിതം സപ്ലൈകോ വെബ് സൈറ്റിലെ http://www.supplyco.in/contest ലിങ്ക് വഴി രജിസ്റ്റർ ചെയ്യണം. യോഗത്തിൽ സപ്ലൈകോ റീജണൽ മാനേജർ എൽ. മിനി, ജില്ലാ സപ്ലൈ ഓഫീസർ എം.എസ്. ബീന, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, തുടങ്ങിയവർ പങ്കെടുത്തു.

.......

# പ്രവർത്തന സമയം................................. രാവിലെ 10 മുതൽ രാത്രി എട്ടു വരെ