# മുക്കാൽ കിലോ സ്വർണാഭരണങ്ങളും 2.5 ലക്ഷം രൂപയും നഷ്ടപ്പെട്ടു
ഹരിപ്പാട്: ചിങ്ങോലി കാവിൽപടിക്കൽ ദേവീക്ഷേത്രത്തിൽ നിന്ന് മുക്കാൽ കിലോയോളം സ്വർണാഭരണങ്ങളും രണ്ടര ലക്ഷത്തോളം രൂപയും കവർന്നു. ഇന്നലെ പുലർച്ചെ മൂന്നരയോടെ ക്ഷേത്രമുറ്റം തൂക്കാനെത്തിയവരാണ് മോഷണ വിവരം ആദ്യം അറിയുന്നത്. ദേവസ്വം കൗണ്ടറിന്റെയും ഓഫീസിന്റെയും വാതിലുകൾ തുറന്നുകിടക്കുന്നത് ശ്രദ്ധയിൽപ്പെട്ട ഇവർ ക്ഷേത്രഭാരവാഹികളെ വിവരം അറിയിച്ചു.
ഭരണസമിതി പ്രസിഡന്റ് മുഞ്ഞിനാട്ട് രാമചന്ദ്രൻ, സെക്രട്ടറി വേണുഗോപാലൻ നായർ എന്നിവർ സ്ഥലത്തെത്തി കൂടുതൽ പരിശോധിച്ചപ്പോഴാണ് ചുറ്റമ്പലത്തിലെ പടിഞ്ഞാറെ നട തുറന്നുകിടക്കുന്നതും ക്ഷേത്രത്തിനകത്ത് മോഷണം നടന്നതും അറിയുന്നത്. ഉടൻ കരീലക്കുളങ്ങര പൊലീസിൽ വിവരം അറിയിച്ചു. കായംകുളം ഡിവൈ.എസ്.പി അലക്‌സ് ബേബി, കരീലക്കുളങ്ങര എസ്.ഐ എ. ഷെഫീക്ക് എന്നിവരുടെ നേതൃത്വത്തിൽ പൊലീസ് സ്ഥലത്തെത്തി വിശദമായ പരിശോധന നടത്തി. ഫോറൻസിക് വിദഗ്ദ്ധ ബ്രീസി ജേക്കബ്, വിരലയാള വിദഗ്ദ്ധരായ എസ്. വിനോദ്കുമാർ, എസ്. സന്തോഷ് എന്നിവരും സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു. ഡോഗ് സ്‌ക്വാഡും പരിശോധന നടത്തി.
പ്രധാന ക്ഷേത്രത്തിന്റെ ഓടിന് മുകളിലൂടെ കയറി ഇരുമ്പ് നെറ്റ് ഇളക്കിയാണ് മോഷ്ടാക്കൾ ചുറ്റമ്പലത്തിൽ കടന്നത്. ഇതിനുള്ളിലെ ചെറിയ മുറിയിൽ സൂക്ഷിച്ചിരുന്ന ശ്രീകോവിലിന്റെ താക്കോൽ കൈക്കലാക്കി വിഗ്രഹത്തിൽ ചാർത്തുന്ന പത്ത് പവനിലേറെ തൂക്കമുള്ള മാലയും ഇതോടൊപ്പം സൂക്ഷിച്ചിരുന്ന മേൽശാന്തി മനുവിന്റെ രണ്ടേകാൽ ലക്ഷത്തോളം രൂപയും അപഹരിച്ചു. വീടുപണിയെ തുടർന്ന് ബാങ്കിൽ നിന്ന് എടുത്തുസൂക്ഷിച്ചിരുന്ന പണവും ശമ്പളവും ദക്ഷിണയുമായി ലഭിച്ച തുകയുമാണ് നഷ്ടമായത്.
പഴയ ജീവത പുതുക്കുന്നതിന്റെ ഭാഗമായി ഇരുവശത്തെയും സ്വർണ കുമിളകൾ, വ്യാളീമുഖം, തിരുമുഖം തുടങ്ങിയവ മിനുക്കുന്നതിനായാണ് ദേവസ്വം ഓഫീസിൽ സൂക്ഷിച്ചിരുന്നത്. ഇവയാണ് നഷ്ടപ്പെട്ട മറ്റ് ഉരുപ്പടികൾ. വഴിപാട് കൗണ്ടറിന്റെ താഴും തല്ലിത്തുറന്നു. ഇവിടെ സൂക്ഷിച്ചിരുന്ന ഇരുപതിനായിരം രൂപയും കവർന്നു. ദേവസ്വം ഓഫീസിൽ നിന്ന് പഴയ ഒരു കാണിക്കവഞ്ചിയും ഓഫീസ് ഉപയോഗത്തിനായി സൂക്ഷിച്ചിരുന്ന മൊബൈൽ ഫോണും എടുത്തെങ്കിലും ക്ഷേത്രത്തിന് പിന്നിൽ കാവിന് സമീപം ഉപേക്ഷിച്ചു. ഇൗ വഞ്ചി തുറന്നിരുന്നില്ല. വെള്ളി രൂപങ്ങളും ദേവതകളെ അണയിച്ചിരുന്ന വിലപിടിപ്പില്ലാത്ത ആഭരണങ്ങളും സ്‌റ്റേജിന് പിന്നിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി.