
ആലപ്പുഴ: പൈതൃക പദ്ധതിയുടെ ഭാഗമായി കടൽപ്പാലം നിർമ്മിക്കുന്നതിനുള്ള പുതിയ ടെണ്ടർ നടപടികൾ ആരംഭിച്ചു. പഴയ പാലം നിലനിറുത്തി കിഫ്ബിയിൽ നിന്ന് 14.26 കോടി രൂപ ചെലവഴിച്ച് പുതിയത് നിർമ്മിക്കാനായിരുന്നു ആദ്യ പദ്ധതി. എന്നാൽ അഞ്ചുതവണ ടെണ്ടർ വിളിച്ചിട്ടും തുക കുറവാണെന്ന കാരണത്താൽ കരാറുകാർ പങ്കെടുത്തില്ല.
തുടർന്ന് നിലവിലെ തുക വർദ്ധിപ്പിക്കാൻ മുസിരിസ് ഹെറിറ്റേജ് പ്രോജക്ട് അധികൃതർ കിഫ്ബിയെ സമീപിച്ചു. നിർമ്മാണ സാമഗ്രികളുടെ വിലയ്ക്കനുസരിച്ച് ചെലവ് 25 കോടി രൂപയെങ്കിലും വേണ്ടിവരും. വിഷയം പരിഗണിച്ച കിഫ്ബി 25 കോടി രൂപ അനുവദിച്ചു. പുതിയ ടെണ്ടർ പൂർത്തിയായാൽ അഞ്ച് ആഴ്ചയ്ക്കുള്ളിൽ നിർമ്മാണം ആരംഭിക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് അധികൃതർ.
നിർമ്മാണം പൂർത്തിയാകുന്നതോടെ സംസ്ഥാനത്തെ മറ്റ് തുറമുഖങ്ങളുമായി ബന്ധപ്പെടുത്തി ടൂറിസ്റ്റ് യാത്രാക്കപ്പൽ ആലപ്പുഴയിൽ എത്തിക്കാനും പദ്ധതിയുണ്ട്. ലൈറ്റ് ഹൗസിന് വടക്ക് റോഡിന് പടിഞ്ഞാറോട്ട് നിലവിലെ കടൽപാലത്തിന് സമാന്തരമായിട്ടാണ് പുതിയ പാലം നിർമ്മിക്കുന്നത്.
ടെണ്ടർ ഉറപ്പിച്ചാൽ ഉടൻ നിർമ്മാണം
1. പുതിയ ടെണ്ടറിനുള്ള നടപടികൾ ആരംഭിച്ചു
2. നിർമ്മാണം ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെ
3. ഉപ്പുകാറ്റേറ്റ് പാലം തുരുമ്പെടുക്കുന്നത് പ്രതിരോധിക്കും
4. ആലപ്പുഴയിലെ ടൂറിസത്തിനും കരുത്താകും
5. യാത്രാക്കപ്പലെത്തുന്നത് സഞ്ചാരികളെ ആകർഷിക്കും
6. പാലത്തിൽ ലൈറ്റുകളും വിശ്രമിക്കാൻ സൗകര്യവും
പുതിയ കടൽപ്പാലം
നീളം: 420 മീറ്റർ
വീതി: 4.5 മീറ്റർ
പഴയ പാലത്തിന്റെ പഴക്കം: 159 വർഷം
അവസാനം കപ്പൽ അടുത്തത്: 1989ൽ
പദ്ധതി ചെലവ്
ആദ്യം അനുവദിച്ചത് ₹14.26 കോടി
പുതുക്കിയത് ₹ 25 കോടി
""
വേഗത്തിൽ ടെണ്ടർ നടപടികൾ പൂർത്തീകരിച്ച് കടൽപ്പാലം നിർമ്മാണം ആരംഭിക്കും. യുദ്ധക്കപ്പലിന്റെ പ്രദർശനോദ്ഘാടനത്തിന് മുന്നോടിയായുള്ള ഒരുക്കങ്ങൾ നടന്നുവരുന്നു.
പി.എം. നൗഷാദ്, എം.ഡി,
മുസിരിസ് ഹെറിറ്റേജ് പ്രോജക്ട്