ആലപ്പുഴ: 89-ാമത് ശിവഗിരി തീർത്ഥാടനത്തോടനുബന്ധിച്ച് ഗുരുധർമ്മ പ്രചാരണസഭ പുളിങ്കുന്ന് പഞ്ചായത്ത് മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ മേഖലയിലെ എസ്.എൻ.ഡി.പി യോഗം ശാഖകളുടെയും ഗുരുധർമ്മ പ്രചാരണസഭ യൂണിറ്റുകളുടെയും സഹകരണത്തോടെ തീർത്ഥാടന വിളംബര സമ്മേളനവും പദയാത്രയും 26ന് നടത്തും.
രാവിലെ 9ന് എസ്.എൻ.ഡി.പി യോഗം ചതുർത്ഥ്യാകരി 4070 -ാം നമ്പർ ശാഖാ ഗുരുക്ഷേത്രത്തിൽ നടക്കുന്ന വിളംബര സമ്മേളനം മുൻ മന്ത്രി ജി. സുധാകരൻ ഉദ്ഘാടനം ചെയ്യും. മേഖലാ പ്രസിഡന്റ് പി.എം. മോഹനൻ അദ്ധ്യക്ഷനാക്കും. മുഹമ്മ വിശ്വഗാജി മഠം സെക്രട്ടറി സ്വാമി അസ്പർശാനന്ദ അനുഗ്രഹപ്രഭാഷണം നടത്തും. തോമസ്.കെ. തോമസ് എം.എൽ.എ മുഖ്യാതിഥിയാകും. സഭാ ശിവഗിരി മഠം രജിസ്ട്രാർ ടി.വി. രാജേന്ദ്രൻ പദയാത്ര ഉദ്ഘാടനം ചെയ്യും. പദയാത്രാ ക്യാപ്ടനും സഭാ കേന്ദ്ര എക്‌സിക്യുട്ടീവ് അംഗവുമായ ചന്ദ്രൻ പുളിങ്കുന്നിന് ധർമ്മ പതാക കൈമാറും. കുട്ടനാട് യൂണിയൻ കൺവീനർ സന്തോഷ ശാന്തി സന്ദേശം നൽകും. സഭാ ജില്ലാ പ്രസിഡന്റ് ആർ. സുകുമാരൻ മാവേലിക്കര മുഖ്യപ്രഭാഷണം നടത്തും. സഭാ മണ്ഡലം സെക്രട്ടറി എം.ആർ. ഹരിദാസ്, മുൻ ജില്ലാ ട്രഷറർ എം. സോമൻ കുന്നങ്കരി, യൂണിയൻ അഡ്മിനിസ്ട്രേറ്റീവ് അംഗം ടി.എസ്. പ്രദീപ് കുമാർ, ശാഖാ സെക്രട്ടറി എ.ജി. ഗോകുൽദാസ് യൂത്ത് മൂവ്മെന്റ് പ്രസിഡന്റ് കെ. സുബീഷ്, വനിതാ സംഘം സെക്രട്ടറി സജിനി മോഹനൻ എന്നിവർ സംസാരിക്കും. സ്വാഗതസംഘം ജനറൽ കൺവീനർ ടി.കെ. ഗോപാലകൃഷ്ണൻ സ്വാഗതവും സഭാ സെക്രട്ടറി വി.എം. തങ്കപ്പൻ നന്ദിയും പറയും.
വേണാട്ടുകാട് ശ്രീനാരായണ സാംസ്‌കാരിക സമിതിയുടെ നേതൃത്വത്തിൽ ഗുരുക്ഷേത്രത്തിൽ നിന്ന് ധർമ്മ പതാക വഹിച്ചുള്ള ഘോഷയാത്ര രാവിലെ 8ന് ആരംഭിച്ച് 9ന് വിളംബര സമ്മേളന വേദിയിലെത്തും. ഘോഷയാത്രയ്ക്ക് സെക്രട്ടറി എൻ.സി. ദേവരാജൻ, ജോ. സെക്രട്ടറി അനിൽകുമാർ, ഉദയപ്പൻ മിത്രമഠം, പി.കെ. ചിന്നു എന്നിവർ നേതൃത്വം നൽകും. സമ്മേളനത്തിനു ശേഷം അലങ്കരിച്ച ഗുരുദേവ റിക്ഷാരഥം വഹിച്ചുള്ള പദയാത്ര 19-ാം നമ്പർ ശാഖ, കായൽപ്പുറം 3620, പുളിങ്കുന്ന് പടിഞ്ഞാറ് 1552, കണ്ണാടി 1193, പുളിങ്കുന്ന് ജ്യോതിർമയ 6214, കണ്ണാടി കിഴക്ക് 2342, പുളിങ്കുന്ന് 5, കുന്നുമ്മ കിഴക്ക് 2817 എന്നീ ശാഖകളിലും കായൽപ്പുറം 87-ാം നമ്പർ ഗുരുധർമ്മ പ്രചാരണ സഭയുടെ കോയിക്കൽ ദേവീക്ഷേത്രം, കണ്ണാടി പടിഞ്ഞാറെമഠം ദേവീക്ഷേത്രം, 90ൻ ചിറ ശിവക്ഷേത്രം എന്നിവിടങ്ങളിലെ സ്വീകരണങ്ങൾ ഏറ്റുവാങ്ങി വൈകിട്ട് 5ന് കുന്നുമ്മ 4-ാം നമ്പർ ശാഖാ ഗുരുക്ഷേത്രത്തിൽ സമാപിക്കും.
സമാപന സമ്മേളനം സഭാ ജില്ലാ സെക്രട്ടറി വി.വി. ശിവപ്രസാദ് ഉദ്ഘാടനം ചെയ്യും. കുന്നുമ്മ 4-ാം നമ്പർ ശാഖാ പ്രസിഡന്റ് കെ.പി. കണ്ണൻ അദ്ധ്യക്ഷനാകും. സഭാ കേന്ദ്ര സമിതി അംഗം ശിശുപാലൻ നെടുമുടി പ്രഭാഷണം നടത്തും. വൈസ് പ്രസിഡന്റ് എം.എസ്. ചന്ദ്രശേഖരൻ സംസാരിക്കും. സഭാ മേഖലാ വൈസ് പ്രസിഡന്റ് എം.കെ. പുരുഷോത്തമൻ സ്വാഗതവും വൈസ് ക്യാപ്ടൻ പി.ആർ. അപ്പുക്കുട്ടൻ പുത്തൻചിറ നന്ദിയും പറയും.