police

ക്രമസമാധാനപാലന രംഗത്തും കേസുകളുടെ അന്വേഷണങ്ങളിലും അടുത്തകാലത്തായി പൊലീസിന്റെ ഭാഗത്തുനിന്നുണ്ടാകുന്ന ഗുരുതരവീഴ്ചകൾ പരിശോധിക്കേണ്ട സമയം അതിക്രമിച്ചു കഴിഞ്ഞു. അടിക്കടിയുണ്ടാകുന്ന സംഭവങ്ങൾ സേനയ്‌ക്ക് പേരുദോഷമാണെന്ന കാര്യത്തിൽ തർക്കമില്ല. എന്നാൽ, അത് തിരുത്താനുള്ള പ്രവണത സർക്കാരിന്റെയോ ഉന്നത പൊലീസ് ഉദ്യോഗസ്ഥരു‌ടെയോ ഭാഗത്തുനിന്നുണ്ടാകാത്തത് ഗൗരവതരമാണ്. സംസ്ഥാനത്ത് ക്രമസമാധാനപാലനം തകർന്നുവെന്ന ആക്ഷേപം ഇപ്പോൾ ശക്തമാണ്. പൊലീസ് കാട്ടുന്ന അതിക്രമങ്ങൾ ഒാരോ ദിവസവും കൂടി വരുന്നു. കേസെടുക്കാതെയും കള്ളക്കേസ് ചുമത്തുന്നതുമായ സംഭവങ്ങൾക്കും തെല്ലും കുറവില്ല. 'ഈ പൊലീസ് എന്ന് നന്നാകുമെന്ന് ' ചോദിച്ച ഹൈക്കോടതിയുടെ നിരീക്ഷണം ഇപ്പോഴത്തെ സാഹചര്യത്തിൽ കാര്യഗൗരവമായ ചർച്ചകളിലേക്ക് വഴിമാറണം.

സംസ്ഥാനത്തെ നടുക്കിയ ഇരട്ടക്കൊലപാതകത്തിന്റെ ഭയപ്പാടിൽ നിന്ന് ആലപ്പുഴ നഗരം മോചിതമായിട്ടില്ല. കേവലം 12 കിലോമീറ്ററിനുള്ളിൽ രണ്ട് കൊലപാതകങ്ങൾ മണിക്കൂറുകളുടെ വ്യത്യാസത്തിലാണുണ്ടായത്. ഈ സംഭവങ്ങൾ പൊലീസിന്റെ കാര്യനിർവഹണത്തെയും കാര്യക്ഷമതയെയും ചോദ്യംചെയ്യുന്നതാണ്. ഫെബ്രുവരി 24ന് ചേർത്തലയിലെ ആർ.എസ്.എസ് ഗഡനായക് നന്ദുകൃഷ്ണയുടെ കൊലപാതകത്തിന് ശേഷം ജില്ല പുറമേ ശാന്തമായി തുടരുന്നതിനിടെയാണ് അപ്രതീക്ഷിത അക്രമണമുണ്ടായത്. ഇത് തിരിച്ചറിയാൻ പൊലീസിന്റെ രഹസ്യാന്വേഷണ വിഭാഗങ്ങൾക്കൊന്നും കഴിയാതിരുന്നത് ഗുരുതര വീഴ്ചയാണ്.

ഇക്കഴിഞ്ഞ 18 ന് രാത്രി എസ്.ഡി.പി.ഐ സംസ്ഥാന നേതാവ് കെ.എസ്. ഷാനും പകരത്തിന് പകരമെന്നോണം 19 ന് പുലർച്ചെ ബി.ജെ.പി ഒ.ബി.സി മോർച്ച സംസ്ഥാന നേതാവ് രൺജിത്ത് ശ്രീനിവാസനും കൊലക്കത്തിക്കിരയായതോടെയാണ് പൊലീസിന്റെ പ്രവർത്തനങ്ങൾ സംസ്ഥാന വ്യാപകമായി ചോദ്യംചെയ്യപ്പെട്ടത്. അടുത്തകാലത്തായി പൊലീസിനെതിരെ ഹൈക്കോടതി ശക്തമായ വിമർശനങ്ങൾ ചൊരിയുന്നതിനിടെയാണ് ഇരട്ടക്കൊലപാതം. കാറിൽ സംഘമായെത്തിയ അക്രമികൾ സ്‌കൂട്ടറിൽ സഞ്ചരിച്ചിരുന്ന ഷാനെ ഇടിച്ചിട്ട ശേഷം തുരുതുരാ വെട്ടുന്നത് സമീപത്തെ സി.സി ടി.വിയിൽ പതിഞ്ഞിട്ടുണ്ട്. സ്വന്തം വീട്ടിലെ ഡൈനിംഗ് ഹാളിൽ അമ്മയുടെയും ഭാര്യയുടെയും മക്കളുടെയും കൺമുന്നിലിട്ടായിന്നു രൺജിത്തിനെ കൊലപ്പെടുത്തിയത്.

2021 ഫെബ്രുവരി 24നാണ് ആർ.എസ്.എസ് ഗഡനായക് നന്ദുകൃഷ്ണ (22) ചേർത്തലയിൽ കൊല്ലപ്പെട്ടത്. ഈ കേസിൽ 34 എസ്.ഡി.പി.ഐ പ്രവർത്തകർ അറസ്‌റ്റിലായിരുന്നു. ഇതിനുള്ള തിരിച്ചടിയായിരുന്നു ഷാന്റെ കൊലപാതകം. തൊട്ടു പിന്നാലെ ബി.ജെ.പി നേതാവിനെയും കൊലപ്പെടുത്തിയപ്പോൾ ഒന്നും ചെയ്യാനാവാതെ നിസഹായവസ്ഥയിലായിരുന്നു പൊലീസ്. ഇരട്ടക്കൊലപാതകം പൊലീസിന്റെ വീഴ്ചകൾ തുറന്നുകാട്ടുന്നതാണ്. മണ്ണഞ്ചേരിയിൽ എസ്.ഡി.പി.ഐ സംസ്ഥാന സെക്രട്ടറി വെട്ടേറ്റ് മരിച്ചത് മണ്ണഞ്ചേരി പൊലീസ് സ്റ്റേഷന് അരക്കിലോമീറ്ററിനുള്ളിലാണെങ്കിൽ ആലപ്പുഴയിൽ ബി.ജെ.പി നേതാവ് കൊല്ലപ്പെട്ടത് ജില്ലാ പൊലീസ് ആസ്ഥാനത്തിന് വിളിപ്പാടകലെയാണ്. രണ്ടും ആലപ്പുഴ സബ് ഡിവിഷന് കീഴിൽ. ഒരേ ഡിവൈ.എസ്.പിയുടെ കീഴിൽ മണിക്കൂറുകൾക്കുള്ളിൽ കൊലപാതകങ്ങൾ അരങ്ങേറിയപ്പോൾ കാഴ്ചക്കാരാകാനേ പൊലീസിന് കഴിഞ്ഞുള്ളു എന്ന് വ്യക്തം. മണ്ണഞ്ചേരിയിൽ പൊലീസ് ശ്രദ്ധ കേന്ദ്രീകരിച്ചപ്പോൾ ആലപ്പുഴ നഗരത്തിൽ പൊലീസ് പരിശോധന ദുർബലമായിരുന്നു. അതാണ് നേരം പുലർന്നശേഷം ബൈക്കുകളിൽ വന്ന് കൊലയാളികൾക്ക് രൺജിത്തിന്റെ ജീവനെടുക്കാൻ സഹായകമായത്. രഹസ്യാന്വേഷണ വിഭാഗത്തിലെ വീഴ്ചയാണ് കൊലപാതകവും അക്രമവും വർദ്ധിക്കാൻ കാരണമെന്ന കാര്യത്തിൽ തർക്കമില്ല. രാഷ്ട്രീയസ്വാധീനത്തിന്റെ പേരിൽ സുഖലാവണമായി പലരും രഹസ്യാന്വേഷണ വിഭാഗത്തിൽ കയറിപ്പറ്റിയിട്ടുണ്ട്. എസ്.ഡി.പി.ഐ നേതാവിനെ കൊലപ്പടുത്തിയപ്പോൾ ബി.ജെ.പിയുടെയും ആർ.എസ്.എസിന്റെയും പ്രധാന നേതാക്കളുടെ സുരക്ഷ പോലും ശ്രദ്ധിക്കാൻ രഹസ്യാന്വേഷണ വിഭാഗത്തിന് കഴിഞ്ഞില്ലെന്നതിന് തെളിവാണ് നഗരമദ്ധ്യത്തിൽ സൂര്യനുദിച്ച ശേഷമുള്ള കൊലപാതകം. ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ ശക്തമായ പട്രോളിംഗ് നടത്താനും കഴിഞ്ഞില്ല. പൊലീസിന്റെ ശ്രദ്ധ ഒരുഭാഗത്ത് മാത്രമെന്ന് കണ്ടതോടെയാണ് നഗരത്തിൽ കൊലപാതകം അരങ്ങേറിയത്. ആറു ബൈക്കുകളിലായി 12ഓളം പേർ ബി.ജെ.പി നേതാവിനെ കൊലപ്പെടുത്താൻ ബൈക്കിലെത്തുന്നതിന്റെ സി.സി ടി.വി ദൃശ്യങ്ങൾ തന്നെ ആലപ്പുഴയിൽ ക്രമസമാധാന നില തകർന്നുവെന്നതിന് തെളിവാണ്.

സൗത്ത് പൊലീസ് സ്റ്റേഷന് 500 മീറ്റർ അകലെ കൊലനടത്തിയ ശേഷം വന്ന വഴിയിലൂടെ തന്നെയാണ് അക്രമികൾ തിരികെപ്പോയത്. 10 മിനിട്ടോളം ഈ ഭാഗങ്ങളിൽ പ്രതികൾ നിലയുറപ്പിച്ചെന്നും വ്യക്തമാണ്. സംഭവങ്ങൾക്ക് ശേഷവും പൊലീസിന്റെ ഭാഗം ന്യായീകരിച്ചാണ് ജില്ലാ പൊലീസ് മേധാവി നിലകൊണ്ടത്. പിന്നീടെത്തിയ ഉന്നത ഉദ്യോഗസ്ഥരും ഇതേ നിലപാടിലായിരുന്നു. ആലപ്പുഴ നഗരത്തിൽ ഒരുമാസം മുമ്പ് ഗുണ്ടാസംഘങ്ങൾ തമ്മിൽ ഏറ്റുമുട്ടലുണ്ടാവുകയും ഒരു യുവാവ് ബോംബ് പൊട്ടി മരിക്കുകയും ചെയ്‌തത് യഥാസമയം പൊലീസിന്റെ ഇടപെടൽ ഉണ്ടാകാതിരുന്നത് കൊണ്ടായിരുന്നു.

ഫർണീച്ചർ സ്ഥാപനമുടമകളായ സഹോദരന്മാരെ നൂറനാട് പൊലീസ് സ്റ്റേഷനിൽ വിളിച്ചു വരുത്തി മർദ്ദിച്ചെന്ന ഹർജിയിൽ ആലപ്പുഴ ജില്ലാ പൊലീസ് മേധാവിയോട് ഹൈക്കോടതി വിശദീകരണം തേടിയതും ഇതിനൊപ്പം കൂട്ടിവായിക്കേണ്ടതാണ്. പരാതിക്കാരായ സഹോദരന്മാരെ പൊലീസിന്റെ കൃത്യനിർവഹണം തടസപ്പെടുത്തിയെന്നാരോപിച്ച് റിമാൻഡ് ചെയ്ത സംഭവത്തിലൂടെ പൊലീസ് ജുഡിഷ്യൽ സംവിധാനത്തെ പരിഹസിക്കുകയാണ് ചെയ്തതെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ വിമർശനം പൊലീസിനുള്ള ശക്തമായ താക്കിതാണ്. ചങ്ങനാശേരി സ്വദേശികളായ ഷാൻമോനും സഹോദരൻ സജിൻ രജീബുമായിരുന്നു ഹർജിക്കാർ. നൂറനാട് ചുനക്കര സ്വദേശിക്കു ഫർണിച്ചർ വിറ്റതുമായി ബന്ധപ്പെട്ട തർക്കത്തിൽ പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ചു വരുത്തി മർദ്ദിച്ചെന്നും ഇതു മൊബൈലിൽ പകർത്തിയതിനെത്തുടർന്ന് പക പോക്കാൻ കള്ളക്കേസ് ചുമത്തി റിമാൻഡ് ചെയ്‌തെന്നുമാണ് ഹർജിക്കാരുടെ വാദം. നൂറനാട് എസ്.ഐ വി.ആർ. അരുൺ കുമാർ, പൊലീസുകാരായ ഷാനവാസ്, ശ്രീകുമാർ, റജികുമാർ, മനോജ് തുടങ്ങിയവർക്കെതിരെ നടപടി വേണമെന്നാണ് ഹർജിയിലെ ആവശ്യം. പൊലീസ് സ്റ്റേഷനിൽ മർദ്ദനമേല്‌ക്കുന്നതിന്റെ മൊബൈൽ ദൃശ്യങ്ങളും തുടർന്ന് പൊലീസുകാർ നടത്തിയ സംഭാഷണത്തിന്റെ ശബ്ദരേഖയും ഹാജരാക്കാൻ അനുവദിക്കണമെന്നും ഹർജിക്കാർ ആവശ്യപ്പെട്ടത് പൊലീസിനെതിരെ വ്യക്തമായ തെളിവുകളുണ്ടെന്ന സൂചനയാണ് നല്‌കുന്നത്.

ആറ്റിങ്ങലിൽ പിങ്ക് പൊലീസിന്റെ പരസ്യവിചാരണയ്ക്കിരയായ എട്ടു വയസുകാരിക്ക് ഒന്നരലക്ഷം രൂപ നഷ്ടപരിഹാരവും കോടതിച്ചെലവായി 25,000 രൂപയും നല്‌കണമെന്ന ഹൈക്കോടതി വിധി പൊലീസിന്റെ തോന്ന്യവാസത്തിനുള്ള തിരിച്ചടിയാണ്. മൊബൈൽ ഫോൺ മോഷ്ടിച്ചെന്ന് ആരോപിച്ച് പിങ്ക് പൊലീസ് ഉദ്യോഗസ്ഥ രജിത അപമാനിച്ച സംഭവത്തിൽ 50 ലക്ഷം രൂപ നഷ്ടപരിഹാരം വേണമെന്നും പൊലീസ് ഉദ്യോഗസ്ഥക്കെതിരെ നടപടി വേണമെന്നുമാവശ്യപ്പെട്ടും എട്ടു വയസുകാരി പിതാവ് മുഖേന ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. പിങ്ക് പൊലീസിന്റെ നടപടി പെൺകുട്ടിയുടെ മൗലികാവകാശം ലംഘിക്കുന്ന തരത്തിലുള്ളതാണെന്നും കോടതി വിലയിരുത്തി. പൊലീസ് ഉദ്യോഗസ്ഥക്കെതിരെ ജില്ലാ പൊലീസ് മേധാവി നിയമപരമായ അച്ചടക്ക നടപടി സ്വീകരിക്കണം. ഉദ്യോഗസ്ഥക്ക് പറയാനുള്ളതു കൂടി കേട്ടശേഷമായിരിക്കണം നടപടി. അച്ചടക്ക നടപടിയെടുക്കുന്നതുവരെ ഉദ്യോഗസ്ഥയെ ക്രമസമാധാനപാലനത്തിനുള്ള ചുമതലയിൽ നിന്ന് മാറ്റി നിറുത്തണമെന്നും പരിഷ്‌കൃത സമൂഹത്തിന് ചേരുന്ന വിധം ജനങ്ങളുമായി ഇടപെടാൻ പരിശീലനം നല്‌കണമെന്നുമുള്ള വിധി പൊലീസ് സേനയിലെ അടച്ചടക്കമില്ലായ്മയും ദാർഷ്‌ട്യവുമാണ് തുറന്നു കാട്ടുന്നത്.

ഇനിയും അനവധി സംഭവങ്ങളുണ്ട്. ഇക്കാര്യങ്ങളിൽ എന്തുകൊണ്ട് സർക്കാരിന്റെയും പൊലീസ് ഉന്നതരുടെയും ശ്രദ്ധയുണ്ടാകുന്നില്ലെന്നാണ് ഉയരുന്ന ചോദ്യം. ഇത്രയും കടുത്ത പ്രതിസന്ധിയിലൂടെ അടുത്തകാലത്തൊന്നും പൊലീസ് സേന കടന്നുപോയിട്ടില്ല. ആവശ്യമായ തിരുത്തലുകൾ അടിയന്തരമായി നടത്തണം. രാഷ്‌ട്രീയ സമ്മർദ്ദങ്ങൾക്ക് അടിപ്പെടാതെ കാര്യക്ഷമതയുള്ള ഉദ്യോഗസ്ഥരെ മാത്രമേ സേനയുടെ തലപ്പത്ത് നിയമിക്കാവൂ. മികച്ച ട്രാക്ക് റെക്കാഡുള്ള ഉദ്യോഗസ്ഥർ അന്വേഷണസംഘങ്ങളുടെ തലപ്പത്തും വരണം. ഇക്കാര്യങ്ങളിൽ സർക്കാർ ആർജ്ജവമുള്ള തീരുമാനമാണ് എട‌ുക്കേണ്ടത്.