
ആലപ്പുഴ: കഴിഞ്ഞ ദിവസം എറണാകുളത്ത് വച്ച് കാണാതായ ആലപ്പുഴ സ്വദേശിയുടെ മൃതദേഹം പുഴയിൽ കണ്ടെത്തി. ആര്യാട് 18ാം വാർഡ് കോളരിക്കൽ വീട്ടിൽ റോമി മാത്യുവിന്റെ (28) മൃതദേഹമാണ് വരാപ്പുഴ എടമ്പാടം സെന്റ് ജോസഫ് മൗണ്ട് കാർമൽ പള്ളിക്കു മുൻവശത്തുള്ള പുഴയിൽ കണ്ടെത്തിയത്.
മൃതദേഹത്തിന് മൂന്നു ദിവസത്തെ പഴക്കമുണ്ടെന്നാണ് നിഗമനം. എറണാകുളത്ത് ജോലി ചെയ്യുന്ന റോമിയും സഹോദരനും അവിടെ പേയിംഗ് ഗസ്റ്റുകളായി ഒരുമിച്ചാണ് താമസിച്ചിരുന്നത്. തിങ്കളാഴ്ച വൈകിട്ട് ജോലി കഴിഞ്ഞ് മടങ്ങവേ, കുടിവെള്ളം വാങ്ങി വരാമെന്ന് പറഞ്ഞ് സഹോദരനെ വഴിവക്കിൽ ഇറക്കിയ ശേഷം റോമി ഇരുചക്ര വാഹനത്തിൽ പോവുകയായിരുന്നു. രാത്രിയായിട്ടും മടങ്ങി വരാതിരുന്നതിനെ തുടർന്ന് ബന്ധുക്കൾ പാലാരിവട്ടം പൊലീസിൽ പരാതി നൽകി. ഇതിനിടെയാണ് ഇന്നലെ രാവിലെ മൃതദേഹം കണ്ടെത്തിയത്. വരാപ്പുഴ പൊലീസ് തുടർ നടപടികൾ സ്വീകരിച്ചു. മൃതദേഹം കളമശ്ശേരി മെഡിക്കൽ കോളേജ് മോർച്ചറിയിൽ. പിതാവ്: പരേതനായ കെ.ജെ.മാത്യു. മാതാവ്: റാണി മാത്യു. സഹോദരൻ: റോണി മാത്യു.