
വള്ളികുന്നം: എസ്റ്റിമേറ്റ് തയ്യാറാക്കി രണ്ടു വർഷം കഴിഞ്ഞിട്ടും റോഡ് പുനർനിർമ്മാണം ആരംഭിക്കാത്തത് യാത്രക്കാർക്ക് ദുരിതമാകുന്നു. കാമ്പിശേരി -ചങ്ങൻകുളങ്ങര റോഡാണ് കുഴികൾ രൂപപ്പെട്ട് അപകടക്കെണിയായി മാറിയത്.കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തി എസ്റ്റിമേറ്റ് തയ്യാറാക്കി കൊടുത്തെങ്കിലും നിർമ്മാണ അനുമതി ലഭിച്ചില്ലെന്ന് പൊതുമരാമത്ത് അധികൃതർ പറഞ്ഞു.
കാമ്പിശേരിയിലും താമരക്കുളത്തിന് തെക്കൻ മേഖലയിലുള്ളവരും നാഷണൽ ഹൈവേയിലേക്ക് എത്താൻ ആശ്രയിക്കുന്ന ഏക റോഡാണിത്. പടിഞ്ഞാറൻ മേഖലയിലുള്ളവർ താമരക്കുളം, മണപ്പള്ളി,പാവുമ്പ തുടങ്ങിയ പ്രദേശത്തേക്ക് എത്താനും ഈ റോഡിനെ ആശ്രയിക്കുന്നു. ഒട്ടേറെ ആരാധനാലയങ്ങളും സ്കൂളുകളും ഈ റോഡിനോട് ചേർന്ന് സ്ഥിതി ചെയ്യുന്നു. വലിയകുളം ഭാഗത്ത് ഓട നിർമ്മിക്കാത്തതുമൂലം മഴക്കാലത്ത് ഒട്ടേറെ അപകടങ്ങളുണ്ടായി .പല സ്ഥലങ്ങളിലും ഇലക്ട്രിക്ക് പോസ്റ്റുകൾ റോഡിലേക്ക് കയറ്റി സ്ഥാപിച്ച നിലയിലുള്ളതും അപകടം ക്ഷണിച്ചു വരുത്തുന്നു.
25 : റോഡ് ടാറിംഗ് നടത്തിയത് 25 വർഷത്തോളം മുമ്പ്
പുനർനിർമ്മാണം നടത്തുവാൻ വേണ്ട ഇടപെടൽ നടത്തും.എസ്റ്റിമേറ്റിന് അനുമതി ലഭിക്കാത്തതിനുള്ള കാരണം അന്വേഷിക്കും
-എൻ.മോഹൻകുമാർ, പഞ്ചായത്തംഗം
ഈ റോഡിലൂടെയുള്ള യാത്ര ദുരിതമാണ്. വലിയ ഗർത്തങ്ങൾ രൂപപ്പെട്ടിട്ട് വർഷങ്ങളായി
- സി.സുരേഷ് ,വ്യാപാരി
വർഷങ്ങളായി ദുരിതയാത്രയാണിവിടെ. ഇരുചക്രയാത്രികർക്കാണ് കൂടുതൽ അപകട ഭീഷണി
-ഷിനിരാജ്, നാട്ടുകാരി