adharam

കുട്ടനാട്: പുനരധിവാസത്തിന്റെ ഭാഗമായി മുട്ടാർ പഞ്ചായത്ത് 12ാം വാർഡിലെ മിത്രമഠം കോളനി നിവാസികൾക്ക് മൂന്ന് സെന്റ് ഭൂമി വീതം സർക്കാർ അനുവദിച്ചെങ്കിലും തുടർ നടപടികൾ സ്വീകരിച്ചില്ല. 54 ഓളം കുടുംബങ്ങളാണ് ഇതോടെ ദുരിതത്തിലായത്. സ്ഥലം സ്വന്തം പേരിലാക്കാൻ ഇവർ കയറിയിറങ്ങാത്ത ഓഫീസുകളില്ല.

വില്ലേജ് ഓഫീസിലെ രേഖകളിൽ ഭൂമി ഇപ്പോഴും സർക്കാരിന്റെ പേരിലാണ്. സ്വന്തം പേരിലേയ്ക്ക് ഭൂമി മാറ്റാത്തതിനാൽ ഇവർക്ക് വീട് വയ്ക്കാൻ അപേക്ഷ നൽകാൻ പോലും കഴിയുന്നില്ല. പൊളിഞ്ഞുവീഴാറായ വീടൊഴിച്ചാൽ ആകെയുള്ളത് മൂന്നടി വീതിയിലുള്ള കോൺക്രീറ്റ് ചെയ്ത വഴിമാത്രമാണ്. ഡ്രെയിനേജ് സംവിധാനം ഇല്ലാത്തതും കോളനിയെ വീർപ്പുമുട്ടിക്കുന്നു. ദുർഗന്ധത്തിൽ മുങ്ങിയാണ് കുടുംബങ്ങൾ കഴിയുന്നത്.

മഴയും വെള്ളപ്പൊക്കവും തുടങ്ങിയാൽ വെള്ളം ഒഴുകിപ്പോകുന്നതിന് മറ്റ് മാർഗങ്ങളുമില്ല. ഇതോടെ സ്ഥിതി കൂടുതൽ രൂക്ഷമാകും. ലക്ഷംവീട് പദ്ധതിപ്രകാരം വർഷങ്ങൾക്ക് മുമ്പ് മുട്ടാർ പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ ഭൂമിയില്ലാതെ കഴിഞ്ഞുവന്ന കുടുംബങ്ങളെയാണ് സർക്കാർ പുനരധിവസിപ്പിച്ചത്.