ആലപ്പുഴ: നീതിക്കുവേണ്ടി നിരന്തരം ശബ്ദിച്ചുകൊണ്ടിരുന്ന പി.ടി.തോമസിന് പൊതുപ്രവർത്തനം വിശുദ്ധമായ ഒരു നിയോഗമായിരുന്നെന്ന് അഡ്വ.ടി.കെ. ശ്രീനാരായണദാസ് പറഞ്ഞു. ജാതിചിന്തയും മതവിഭാഗീയതയും ഏശാത്ത മഹത്തായ ഒരു സംസ്കാരത്തെക്കുറിച്ചുള്ള ചിന്തകളും ആശയങ്ങളുമാണ് ജീവിതത്തിലുടനീളം ഉയർത്തിപ്പിടിച്ചത്. ശ്രീനാരായണ ആശയങ്ങളുടെ പ്രചാരണത്തിനായി വലിയ ദൗത്യങ്ങൾ ഏറ്റെടുത്ത പി.ടി.തോമസിനെ അഭിനന്ദിച്ചുകൊണ്ട് ശ്രീനാരായണ സാംസ്കാരിക സമിതി കണ്ണൂരിൽ നടത്തിയ സമ്മേളനത്തിലടക്കം പല ചടങ്ങുകളിലും ഒരുമിച്ച് പങ്കെടുത്തിട്ടുണ്ട്. ഹൃദ്യമായ സാന്നിദ്ധ്യവും സ്നേഹത്തോടും സൗമ്യതയോടെയുമുള്ള ആ പെരുമാറ്റവും മറക്കാൻകഴിയില്ല. നിഷേധാത്മകതയ്ക്കപ്പുറം ധാർമ്മികതയും നീതിബോധവുമുള്ള നിലപാടുകളാണ് അദ്ദേഹം സ്വീകരിച്ചത്. മനുഷ്യരിൽ ഒരുമയുണ്ടാക്കാനാണ് പൊതുപ്രവർത്തകനെന്ന നിലയിൽ പി.ടി.തോമസ് ശ്രമിച്ചതെന്നും ശ്രീനാരായണദാസ് പറഞ്ഞു.