
ആലപ്പുഴ: ചിങ്ങോലി കാവിൽപടിക്കൽ ക്ഷേത്രത്തിൽ കഴിഞ്ഞ ദിവസം നടന്ന മോഷണത്തിൽ അടിമുടി ദുരൂഹത. മുക്കാൽ കിലോ സ്വർണം നഷ്ടമായെന്ന് അറിയിച്ച ക്ഷേത്രം ഭാരവാഹികൾ ഇന്നലെ പൊലീസ് അന്വേഷണം മുറുകിയതോടെ നഷ്ടപ്പെട്ട സ്വർണം ഒരുപവനിൽ താഴെയെന്ന് നിലപാട് മയപ്പെടുത്തി.
ക്ഷേത്ര ശ്രീകോവിലിൽ സൂക്ഷിച്ചിരുന്ന ഒരുപവനിൽ താഴെയുള്ള താലിമാലയും മേൽശാന്തി മനുവിന്റെ രണ്ടേകാൽ ലക്ഷം രൂപയും വഴിപാട് കൗണ്ടറിൽ നിന്ന് മൂവായിരം രൂപയും നഷ്ടപ്പെട്ടെന്നാണ് ക്ഷേത്രം ഭാരവാഹികൾ മൊഴി മാറ്റിയത്. വീടുപണി നടക്കുന്നതിനാൽ ബാങ്കിൽ നിന്ന് പിൻവലിച്ചതും ശമ്പളവും കാണിക്കയായുംലഭിച്ച പണവുമാണെന്നാണ് മേൽശാന്തി പറയുന്നത്.
എന്നാൽ ഇക്കാര്യം പൂർണമായും പൊലീസ് വിശ്വസിച്ചിട്ടില്ല. അന്വേഷണം പുരോഗമിക്കുകയാണെന്നും പ്രതി ഉടൻ പിടിയിലാകുമെന്നും കരീലക്കുളങ്ങര എസ്.ഐ എ. ഷെഫീക്ക് പറഞ്ഞു. ദേവസ്വം ഓഫീസിൽ നടത്തിയ തെരച്ചിലിലാണ് മോഷണം പോയെന്ന് ഭാരവാഹികൾ പറഞ്ഞ ജീവത ഉരുപ്പടികൾ തിരികെ ലഭിച്ചത്. എന്നാലിത് തനി ചെമ്പാണെന്ന് പൊലീസ് വെളിപ്പെടുത്തി.
മോഷ്ടാവിന് ക്ഷേത്രത്തെ കുറിച്ച് കൃത്യമായ ധാരണയുണ്ടായിരുന്നു. പ്രദേശത്തുള്ളവരോ ക്ഷേത്രവുമായി ബന്ധമുള്ളവരോ അല്ലെങ്കിൽ അവരുടെ സഹായമോ ലഭിച്ചിട്ടുണ്ടെന്ന തരത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്. തിങ്കളാഴ്ച രാത്രിയാണ് ക്ഷേത്രത്തിൽ മോഷണം നടന്നത്. ചുറ്റമ്പലത്തിനകത്തെ മുറിയിൽ തൂക്കിയിട്ടിരുന്ന താക്കോൽ കൈവശപ്പെടുത്തി ശ്രീകോവിൽ തുറന്നും ദേവസ്വം ഓഫീസും വഴിപാട് കൗണ്ടറും തല്ലിത്തകർത്തുമാണ് മോഷണം നടത്തിയത്.
""
ജീവത ഉരുപ്പടികൾ സ്വർണമാണെന്നായിരുന്നു ക്ഷേത്രം ഭാരവാഹികളുടെ മൊഴി. എന്നാൽ ഈ ഉരുപ്പടികൾ പിത്തളയിലും ചെമ്പിലും നിർമ്മിച്ചവയാണ്. മോഷ്ടാവിന് ക്ഷേത്രവുമായി ബന്ധമുള്ളവരുടെ സഹായം ലഭിച്ചിട്ടുണ്ട്.
അന്വേഷണ ഉദ്യോഗസ്ഥൻ
""
അന്വേഷണം നടക്കുന്നതിനാൽ ഓഫീസിനുള്ളിൽ കയറാൻ അനുവദിച്ചിരുന്നില്ല. അതിനാലാണ് കൃത്യമായ വിവരം ലഭിക്കാതിരുന്നത്. മോഷ്ടാക്കൾ അലമാര വാരിവലിച്ചിട്ടപ്പോൾ ഉരുപ്പടികൾ പലഭാഗത്തേക്ക് തെറിച്ചുവീണു. എല്ലാം നഷ്ടപ്പെട്ടെന്ന് കരുതിയാണ് ആദ്യം അങ്ങനെ മൊഴി നൽകിയത്.
ക്ഷേത്രം ഭാരവാഹികൾ