
ആലപ്പുഴ: ഈർപ്പം, കറവൽ എന്നിവയിലെ കിഴിവിന്റെ പേരിൽ രണ്ടാം കൃഷിയുടെ നെല്ല് സംഭരണത്തിൽ മില്ലുകാർ കർഷകരെ പിഴിയുന്നു. നൂറുകിലോ നെല്ല് സംഭരിക്കുമ്പോൾ പത്തു മുതൽ 18കിലോ വരെ കിഴിവ് നൽകണമെന്നാണ് സപ്‌ളൈകോ സംഭരണത്തിനായി നിയോഗിച്ച മില്ലുകാരുടെ ആവശ്യം.
മഴമാറി കടുത്ത വെയിലുള്ളപ്പോൾ കൊയ്യുന്ന നെല്ലിനും മില്ലുകാർ കർഷകരിൽ നിന്ന് കിഴിവ് ഈടാക്കുകയാണ്. ഇതോടെ പുറക്കാട് നാലുചിറ വടക്ക് പടിഞ്ഞാറ് പാടശേഖരത്തിലെ സംഭരണം മുടങ്ങി. കഴിഞ്ഞ വർഷം ഏഴ് കിലോവരെ കിഴിവ് നൽകിയാണ് നെല്ല് സംഭരിച്ചത്.
100 ഏക്കർ വിസ്തീർണമുള്ള പാടശേഖരത്തിലെ 45 കർഷകരുടെ വിളവെടുത്ത നെല്ലാണ് ഒരാഴ്ചയായി സംഭരണം മുടങ്ങിക്കിടക്കുന്നത്. ഏക്കറിന് 45,000 രൂപയാണ് ചെലവായത്. പാടശേഖരത്തിന്റെ മദ്ധ്യഭാഗത്ത് നെല്ല് കൂനകളായി കൂട്ടിയിട്ടിരിക്കുകയാണ്. സംഭരണം വേഗത്തിലാക്കാൻ ജില്ലാ ഭരണകൂടം കൃഷി വകുപ്പ് ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിട്ടുണ്ട്. കഴിഞ്ഞ ദിവസം പാടശേഖരസമിതി അഞ്ചുകിലോ കിഴിവ് നൽകാമെന്ന് അറിയിച്ചെങ്കിലും മില്ലുകാർ വഴങ്ങിയില്ല. കാലാവസ്ഥാ വ്യതിയാനം ഭയന്ന് പല പാടശേഖരങ്ങളിലും കിഴിവിലെ ചൂഷണം നോക്കാതെ കർഷകർ മില്ലുടമകളുടെ തീരുമാനത്തിന് വഴങ്ങുകയാണ്.
മീശപിരിച്ച് മില്ലുകാരുടെ വാശി
1. കിഴിവ് നൽകിയില്ലെങ്കിൽ നെല്ല് സംഭരിക്കില്ല
2. നെല്ല് പരിശോധിക്കുന്നത് മില്ലുകാരുടെ ഏജന്റുമാർ
3. ഉണക്കില്ല, കറവൽ, കിഴിവ് വേണം
4. മഴ വില്ലനാകുമെന്ന് ഭയന്ന് പലരും ഭീഷണിക്ക് വഴങ്ങും
5. കിഴിവ് നൽകാത്തവരുടെ നെല്ല് ഒഴിവാക്കും
വിളവും കുറവ്
രണ്ടാം കൃഷിയിൽ വിളവ് കുറഞ്ഞത് കർഷകർക്ക് തിരിച്ചടിയായി. ചെടികൾ പൂത്തത് മുതൽ വിളവെടുപ്പുവരെ അനുഭവപ്പെട്ട മഴയാണ് കാരണം. നെല്ല് നിലംപൊത്തിയതും വിളവിനെ ബാധിച്ചു. കഴിഞ്ഞ വർഷം 30 ക്വിന്റൽ നെല്ല് ലഭിച്ചിടത്ത് 12മുതൽ 16വരെ ക്വിന്റലാണ് ഇത്തവണ ലഭിച്ചത്. കിലോക്ക് 27.48 രൂപയാണ് കർഷകർക്ക് ലഭിക്കുന്നത്.
""
കിഴിവ് 18കിലോ വേണമെന്ന മില്ലുടമകളുടെ നിലപാടിനെതിരെ മന്ത്രി പി. പ്രസാദിനും എച്ച്. സലാം എം.എൽ.എയ്ക്കും നിവേദനം നൽകി. അടിയന്തരമായി സംഭരണം പൂർത്തീകരിക്കണം.
രമണൻ, സെക്രട്ടറി, പാടശേഖര സമിതി
""
പൊള്ളുന്ന വെയിലത്ത് കൊയ്യുന്ന നെല്ലിന് കിഴിവ് ആവശ്യപ്പെടുന്നത് അനീതിയാണ്. ഏക്കറിന് 12 ക്വിന്റൽ നെല്ല് ലഭിക്കുന്ന കർഷന് മൂന്ന് ക്വിന്റൽ നെല്ലാണ് കിഴിവ് ഇനത്തിൽ നഷ്ടമാകുന്നത്.
ജി. മംഗളാന്ദൻ, മുൻ സെക്രട്ടറി, പാടശേഖര സമിതി
""
വേനൽക്കാലത്ത് നെല്ലിന് കിഴിവ് ആവശ്യപ്പെടുന്ന മില്ലുടമകൾക്കെതിരെ നടപടി സ്വീകരിക്കണം. മഴയിൽ കൃഷി നശിച്ച കർഷകർക്ക് നഷ്ടപരിഹാരം നൽകണം.
ബേബിപാറക്കാടൻ, സംസ്ഥാന പ്രസിഡന്റ്, കേരള സംസ്ഥാന നെൽ-നാളികേര കർഷക ഫെഡറേഷൻ