leprosy

ആലപ്പുഴ: അശ്വമേധം കുഷ്ഠരോഗ നിർണയ തുടർനിരീക്ഷണ പരിപാടിയുടെ ഭാഗമായി ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ 'സൺഡേ സെൽഫി' കാമ്പയിന് തുടക്കമായി. ശരീരത്തിൽ കുഷ്ഠരോഗ ലക്ഷണങ്ങളുണ്ടോയെന്ന് സ്വയം പരിശോധിക്കുന്നതിന് പൊതുജനങ്ങളെ സജ്ജരാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.

കാമ്പയിന്റെ ഭാഗമായി കൂടുതൽപേർ സ്വയം പരിശോധനയ്ക്ക് തയ്യാറാകുന്നതായി ആരോഗ്യപ്രവർത്തകർ സാക്ഷ്യപ്പെടുത്തുന്നു. തൊലിപ്പുറത്തെ വിവിധ ലക്ഷണങ്ങളുടെ വിവരങ്ങളുമായി ധാരാളം പേരാണ് അധികൃതരെ സമീപിക്കുന്നത്. ആരോഗ്യപ്രവർത്തകർ ഭവനസന്ദർശനം നടത്തി കുഷ്ഠരോഗ ലക്ഷണങ്ങൾ ഉള്ളവരെ കണ്ടെത്തുന്നതിനുള്ള പ്രവർത്തനങ്ങളും നടന്നുവരികയാണ്.

പ്രതിരോധ ശേഷി കൂടുതലുള്ളവരിൽ ബാക്ടീരിയ ശരീരത്തിനുള്ളിൽ അഞ്ചുവർഷം വരെ യാതൊരു ലക്ഷണങ്ങളും കാണിക്കാതെ ഒളിഞ്ഞുകിടക്കും. ഇത്തരം കേസുകളെ എത്രയും വേഗം കണ്ടെത്തി ചികിത്സ ഉറപ്പു വരുത്താനാണ് ശ്രമിക്കുന്നത്. ലക്ഷണങ്ങൾ ശരീരത്തിൽ ഇല്ലെന്ന് ഉറപ്പാക്കാൻ ഞായറാഴ്ചകളിൽ സ്വയം പരിശോധന പ്രോത്സാഹിപ്പിക്കുന്നതാണ് സൺഡേ സെൽഫി പദ്ധതി.

ലക്ഷണങ്ങൾ അവഗണിക്കരുതെന്ന് ആരോഗ്യവകുപ്പ്

1. ഏത് ത്വക്ക് രോഗവും കുഷ്ഠരോഗമല്ലെന്ന് സ്ഥിരീകരിക്കണം

2. കണ്ണെത്താത്ത സ്ഥലങ്ങളിലെ ലക്ഷണങ്ങൾ ശ്രദ്ധയിൽപ്പെടാതെ പോകരുത്

3. പ്രതിരോധ ശേഷി കുറയുമ്പോഴാണ് ലക്ഷണങ്ങൾ പുറത്തുവരുന്നത്

4. ജില്ലയിൽ രോഗം സ്ഥിരീകരിച്ചവരിൽ അധികവും അന്യസംസ്ഥാന തൊഴിലാളികൾ

5. ലക്ഷണങ്ങൾ ശക്തമാകുമ്പോഴാണ് പലരും ചികിത്സ തേടുന്നത്

6. അപ്പോഴേക്കും ശരീരഭാഗങ്ങളെ രോഗം കാർന്നെടുത്തിരിക്കും

7. ഇത് രോഗം പടരാനും രോഗികളുടെ എണ്ണം കൂടാനും കാരണമാകും

ലക്ഷണങ്ങൾ

തൊലിപ്പുറത്ത് സ്പർശനശേഷി കുറയൽ

നിറം മങ്ങിയതോ, ചുവന്നതോ ആയ പാടുകൾ

തടിപ്പുകൾ

കട്ടികൂടിയ തിളക്കമുള്ള ചർമം

വേദനയില്ലാത്ത വ്രണങ്ങൾ

ജില്ലയിൽ കുഷ്ഠരോഗികൾ: 15

പൂർണമായും ഭേദമാക്കാം

ബാക്ടീരിയൽ രോഗം ലെപ്രസി മരുന്നുകൊണ്ട് പൂർണമായും ഭേദമാക്കാം. ഫസ്റ്റ് ഡോസ് മരുന്നിൽ 90 ശതമാനം ബാക്ടീരിയയും നശിക്കും. നിശ്ചിത കോഴ്സ് പൂർത്തിയാക്കിയാൽ നൂറ് ശതമാനം മുക്തി ലഭിക്കും. വണ്ടാനം മെഡിക്കൽ കോളേജിലും, ആലപ്പുഴ ജനറൽ ആശുപത്രിയിലും പരിശോധനാ ക്ലിനിക്കുകൾ പ്രവർത്തിക്കുന്നുണ്ട്. സംശയങ്ങൾക്ക് ആരോഗ്യപ്രവർത്തകരെ ബന്ധപ്പെടാം.

ആലപ്പുഴ: 9207756751

കായംകുളം: 6282307814

മാവേലിക്കര: 9446529427

അമ്പലപ്പുഴ: 9745106209

ചെങ്ങന്നൂർ: 8281404039

ചേർത്തല: 9447753059

ഹരിപ്പാട്: 9249768358

കുട്ടനാട്: 9446592270

""

രോഗ ലക്ഷണങ്ങൾ അവഗണിക്കുന്നത് ശാരീരിക വൈകല്യങ്ങളിലേക്ക് നയിക്കും. ലക്ഷണമുള്ളവർ പരിശോധന നടത്തി രോഗമില്ലെന്ന് ഉറപ്പാക്കണം. ബയോപ്സി വഴിയാണ് രോഗം നിർണയിക്കുന്നത്.

ശ്രീകുമാർ, അസിസ്റ്റന്റ് ലെപ്രസി ഓഫീസർ