ആലപ്പുഴ: പാതിരപ്പള്ളി എക്‌സൽ ഗ്ലാസസ് സർക്കാർ ഏറ്റെടുക്കണമെന്ന് ആവശ്യപ്പെട്ട് എ.ഐ.ടി.യു.സി നടത്തി വരുന്ന സമരത്തിന്റെ ഭാഗമായി, സ്ഥാപനം അടച്ചുപൂട്ടിയിട്ട് ഒൻപത് വർഷം തികയുന്ന 27ന് കളക്ടറേറ്റിന് മുന്നിൽ സത്യാഗ്രഹം സംഘടിപ്പിക്കുമെന്ന് നേതാക്കൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. രാവിലെ 10.30ന് എ.ഐ.ടി.യു.സി ദേശീയ സമിതി അംഗം പി.വി. സത്യനേശൻ ഉദ്ഘാടനം ചെയ്യും. സംഘാടക സമിതി ചെയർമാൻ പി.യു. അബ്ദുൾ കലാം അദ്ധ്യക്ഷത വഹിക്കും. കൺവീനർ ആർ. ശശിയപ്പൻ, ജി. കൃഷ്ണപ്രസാദ്, വി. മോഹൻദാസ് തുടങ്ങിയവർ സംസാരിക്കും.

എൽ.ഡി.എഫിന്റെ പ്രഖ്യാപിത നിലപാട് നടപ്പാക്കുന്നതിൽ സർക്കാരും വ്യവസായ വകുപ്പും തുടരുന്ന മൗനം പ്രതിഷേധാർഹമാണ്. ജനാധിപത്യ സമരങ്ങളെ കണ്ടില്ലെന്ന് നടിക്കുന്നത് എൽ.ഡി.എഫ് സർക്കാരിന് ഭൂഷണമല്ലെന്നും നേതാക്കൾ ആരോപിച്ചു.

വാർത്താസമ്മേളനത്തിൽ എക്‌സൽ ഗ്ലാസസ് എംപ്ലോയീസ് യൂണിയൻ (എ.ഐ.ടി.യു.സി) സെക്രട്ടറി ആർ. അനിൽകുമാർ, സമര സംഘാടക സമിതി ചെയർമാൻ പി.യു. അബ്ദുൾ കലാം, കൺവീനർ ആർ. ശശിയപ്പൻ എന്നിവർ പങ്കെടുത്തു.