ആലപ്പുഴ : കുട്ടനാട് താലൂക്കിലെ മുഴുവൻ പ്രദേശത്തും കുടിവെള്ളം എത്തിക്കുന്ന പുതിയ ശുദ്ധജലപദ്ധതിയുടെ നടത്തിപ്പിന് ആവശ്യമായ സ്ഥലമെടുപ്പ് മൂന്ന് മാസത്തിനുള്ളിൽ പൂർത്തീകരിക്കും. കിഫ്ബിയിൽ അനുവദിച്ച 289.5കോടി രൂപ വിനിയോഗിച്ചാണ് കുടിവെള്ള പദ്ധതി നടപ്പാക്കുന്നത്.
തലവടി, കുന്നുമ്മ, വെളിയനാട് വില്ലേജുകളിലായി ഒന്നര ഏക്കർ സ്ഥലം പദ്ധതിക്കായി ഏറ്റെടുക്കണം. കിഫ്ബി സ്ഥലം ഏറ്റെടുക്കൽ വിഭാഗത്തിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സ്ഥലം ഏറ്റെടുക്കുന്നതിനുള്ള അനുമതി കഴിഞ്ഞ ദിവസം കളക്ടർ നൽകി. ഭൂമി ഏറ്റെടുക്കുന്നതിന് ആവശ്യമായ 47ലക്ഷം രൂപ ലഭിക്കുന്നതിനുള്ള റിപ്പോർട്ട് കിഫ്ബിയിൽ സമർപ്പിച്ചു. തുക ലഭിച്ചാൽ മൂന്ന് മാസത്തിനുള്ളിൽ സ്ഥലം ഏറ്റെടുക്കൽ പൂർത്തികരിക്കും. സമീപകാലത്ത് പ്രദേശത്ത് നടന്ന പത്ത് ആധാരങ്ങളുടെ രജിസ്ട്രേഷൻ ഫീസിന്റെ അടിസ്ഥാനത്തിൽ കണക്കാക്കുന്ന ശരാശരി വിലയുടെ ഇരട്ടി വിലയാണ് നൽകുന്നത്. സ്ഥലത്തിന്റെ വിലയോടൊപ്പം വൃക്ഷത്തിന്റെ വിലയും ചേർത്താണ് നഷ്ടപരിഹാരം വിതരണം ചെയ്യുക. പരിസ്ഥിതി പഠനത്തിനായി പ്രസിദ്ധീകരിച്ച നോട്ടിഫിക്കേഷൻ തീയതി മുതൽ നഷ്ടപരിഹാരം നൽകുന്നതുവരെയുള്ള കാലയളവിൽ 12ശതമാനം പലിശയും നൽകും. ഇതോടെ താലൂക്കിലെ 12പഞ്ചായത്തുകളിലെ കുടിവെള്ളം എത്തിക്കുവാൻ കഴിയും. ട്രീറ്റ്‌മെന്റ് പ്‌ളാന്റ് സ്ഥാപിക്കാനാണ് സ്ഥലം ഏറ്റെടുക്കന്നത്. കുട്ടനാടിനോടൊപ്പം പണം അനുവദിച്ച ചെങ്ങന്നൂരിലെ 199.13കോടിയുടെ പദ്ധതി ഒരുവർഷം മുമ്പ് കമ്മീഷൻ ചെയ്തിരുന്നു.
289.5കോടി : കുടിവെള്ള പദ്ധതിക്കായി കിഫ്ബി അനുവദിച്ചത്
പ്രയോജനപ്പെടാതെ പോയ
രണ്ട് പദ്ധതികൾ
1967ൽ എൽ.ഐ.സിയുടെ സഹായത്തോടെ നടപ്പാക്കിയ കുട്ടനാട് കുടിവെള്ള പദ്ധതിയുടെ പ്രയോജനം തിരുവല്ല, ചങ്ങനാശ്ശേരി ഭാഗ്ളിലുള്ളവർക്കാണ് ലഭിക്കുന്നത്. കുട്ടനാടിന് നാമമാത്രമായ വെള്ളമാണ് ആദ്യകാലത്ത് ലഭിച്ചിരുന്നത്. ഭൂമിയുടെ ഉറപ്പ് പരിഗണിച്ച് അന്ന് പ്‌ളാന്റ് സ്ഥാപിച്ചത് തിരുവല്ലയിലായിരുന്നു.
കുട്ടനാട്ടിലെ ആറ് പഞ്ചായത്തുകളിൽ കുടിവെള്ളം എത്തിക്കുന്നതിന് 13-ാം ധനകാര്യ കമ്മിഷൻ അനുവദിച്ച 70കോടി രൂപ ചെലവഴിച്ച് നീരേറ്റുപുറത്ത് ശുദ്ധീകരണ പ്‌ളാന്റ് സ്ഥാപിച്ചു. വെളിയനാട്, കാവാലം, പുളിങ്കുന്ന്, തകഴി, തലവടി, നീരേറ്റുപുറം പഞ്ചായത്തുകളിൽ കുടിവെള്ളം എത്തിക്കുന്നതിനായിരുന്നു പദ്ധതി. ആവശ്യമായി പൈപ്പ് വാങ്ങി കുറച്ച് ഭാഗത്ത് സ്ഥാപിച്ചു. ബാക്കി പൈപ്പുകൾ വർഷങ്ങളായി വെയിലും മഴയുമേറ്റ് ഉപയോഗ ശൂന്യമായ നിലയിലാണ്. . ശുദ്ധീകരണ പ്‌ളാന്റിൽ നിന്ന് പമ്പിംഗ് സ്റ്റേഷനുകളിലെക്ക് ആവശ്യമായ പൈപ്പുകൾ സ്ഥാപിക്കാത്തതിനാൽ പദ്ധതി പാതിവഴിയിലായി
'ഭൂ ഉടമകൾക്ക് നഷ്ടപരിഹാരം നൽകുന്നതിനുള്ള ഫണ്ടിനായി കിഫ്ബി ബോർഡിന് കത്തയച്ചിട്ടുണ്ട്. തുക അനുവദിച്ചാൽ സ്ഥലം ഏറ്റെടുക്കൽ മൂന്ന് മാസത്തിനുള്ളിൽപൂർത്തീകരിക്കും.-തഹസിൽദാർ, സ്ഥലം ഏറ്റെടുക്കൽ വിഭാഗം, കിഫ്ബി