
മാന്നാർ : യു.ആർ.സി മിലിട്ടറി കാന്റീനിലെത്തുന്നവരുടെ വാഹനങ്ങൾ ചെന്നിത്തല പുത്തുവിളപ്പടി-തൃപ്പെരുന്തുറ മഹാദേവക്ഷേത്രം റോഡിൽ പാർക്ക് ചെയ്യുന്നത് ഇതുവഴി കടന്നുപോകുന്ന ആംബുലൻസുകളടക്കമുള്ള വാഹനങ്ങളുടെ യാത്രയ്ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നു. കാന്റീനിലെത്തുന്നവരുടെ വാഹനങ്ങൾ പാർക്ക് ചെയ്യാൻ ആവശ്യമായ സ്ഥലമുള്ളപ്പോഴാണ് റോഡ് കൈയേറിയുള്ള അനധികൃത പാർക്കിംഗ്. കാന്റീനിന്റെ നിയന്ത്രണത്തിലുള്ള സ്ഥലത്ത് സൗജന്യമായി വാഹനങ്ങൾ പാർക്ക് ചെയ്യാം. ഇതു കൂടാതെ സ്വകാര്യവ്യക്തികളുടെ പേയ്ഡ് പാർക്കിഗ് സൗകര്യവും ഇവിടെയുണ്ട്. ഗതാഗത തടസമുണ്ടാകുമ്പോൾ പൊലീസെത്തി വാഹനങ്ങൾ മാറ്റുകയാണ് പതിവ്. കാന്റീൻ അധികാരികളെ നിരവധി തവണ ഇതേപ്പറ്റി അറിയിച്ചിട്ടും നടപടി കൈക്കൊള്ളാത്തതിനാൽ പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസിന് നൽകിയ പരാതി ആർ.ടി.ഒയ്ക്ക് കൈമാറിയതായി സി.പി.എം ഒരിപ്രം ബ്രാഞ്ച്സെക്രട്ടറിയും പ്രദേശവാസിയുമായി ജി.ഗോപകുമാർ പറഞ്ഞു.
ജില്ലയിൽ ഏറ്റവും തിരക്കുള്ള കാന്റീൻ
ജില്ലയിലെ രണ്ടു മിലിട്ടറി കാന്റീനുകളിൽ ഒന്നായ ചെന്നിത്തലയിലാണ് കൂടുതൽ ആളുകൾ എത്തുന്നത്. ദിവസേന ആയിരത്തോളംപേർ എത്തുമ്പോൾ അറുന്നൂറുപേർക്ക് മാത്രമാണ് സാധനങ്ങൾ വാങ്ങാൻ കഴിയുക. നീണ്ട ക്യൂവിൽ നിന്ന് ടോക്കൺ എടുക്കണം. അറുന്നൂറു ടോക്കൺ തികഞ്ഞാൽ ബാക്കിയുള്ളവർക്ക് മടങ്ങാം. പുലർച്ചെ എത്തിയവർ ഉച്ചയോളം ക്യൂവിൽ നിന്ന് കഴിയുമ്പോഴാണ് ആ ദിവസത്തെ ടോക്കൺ തികഞ്ഞ അറിയിപ്പെത്തുന്നത്. ദൂരെനിന്നുമെത്തിയവർ മണിക്കൂറുകളോളം കാത്തുനിന്ന് മടങ്ങുമ്പോൾ അവശരായിട്ടുണ്ടാവും. കൊവിഡ് നിയന്ത്രണ സമയങ്ങളിൽ ദിവസം നാനൂറുപേർക്കായിരുന്നു ഇവിടെ സാധനങ്ങൾ നൽകിയിരുന്നത്. എത്തേണ്ട ദിവസവും സമയവും മൊബൈൽ നമ്പറുകളിലേക്ക് എസ്.എം.എസ് ആയി എത്തുമായിരുന്നു. കൊവിഡ് നിയന്ത്രണങ്ങൾ മാറിയതോടെ തിരക്കും കൂടി. എസ്.എം.എസ് സംവിധാനവും നിന്നു.
''സ്വകാര്യവ്യക്തിയുടെ സ്ഥലത്ത് പ്രവർത്തിക്കുന്ന കാന്റീനിനു വേണ്ടുവോളം സൗകര്യങ്ങൾ ഉണ്ടെങ്കിലും അത് വേണ്ടരീതിയിൽ പ്രയോജനപ്പെടുത്തുന്നില്ല. ഇവിടെ എത്തുന്നവർക്ക് മെച്ചപ്പെട്ട സൗകര്യം ഒരുക്കണം
-എക്സ് സർവീസസ് ലീഗ് മാവേലിക്കര താലൂക്ക് കമ്മിറ്റി